
23 ലക്ഷം നൽകിയാൽ ഗോൾഡൻ വിസ; വാർത്ത വ്യാജം, നടപടിക്കൊരുങ്ങി യുഎഇ ഫെഡറല്‍ അതോറിറ്റി
യുഎഇയിൽ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കി ഗോള്‍ഡന്‍ വിസ സ്വന്തമാക്കാമെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതർ. ഗോള്‍ഡന്‍ വിസ നിയമത്തില്‍ ഒരു വിധത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. 23 ലക്ഷം രൂപ നല്‍കിയാല്‍ ഇന്ത്യകാര്‍ക്ക് ആജീവനാന്ത ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നാണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലെ ചില മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു.
യുഎഇയില്‍ ദീര്‍ഘകാല താമസത്തിന് താല്‍പ്പര്യമുള്ള ഇന്ത്യക്കാര്‍ക്ക് സ്വദേശത്തുനിന്നുതന്നെ ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. വിഎഫ്എസ് ഗ്ലോബലിന്റെ എജ്യുക്കേഷന്‍, ട്രേഡ് ആന്‍ഡ് മൈഗ്രേഷന്‍ (ഇടിഎം) സര്‍വീസ് യൂണിറ്റ് റയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുതിയ അഡൈ്വസറി സേവനം ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു വിവരം. ഓണ്‍ലൈനിലൂടെയും ഫോണ്‍വഴിയും സേവനം ലഭ്യമാണ് എന്നതടക്കം വ്യാജവിവരങ്ങളാണ് പുറത്തുവന്നത്.
നേരത്തെ പുറത്തുവന്ന വ്യാജ വാര്‍ത്ത ഇങ്ങനെയായിരുന്നു – ഇതുവരെ ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാന്‍ യുഎഇയില്‍ നേരിട്ട് ഹാജരാകണമായിരുന്നു. എന്നാല്‍ പുതിയ സംരംഭത്തിലൂടെ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് നോമിനേഷന്‍, പ്രാഥമിക അനുമതി നടപടികള്‍ എന്നിവയെല്ലാം ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കാനാവും. അന്തിമ അനുമതിക്ക് മാത്രം യുഎഇയില്‍ എത്തിയാല്‍ മതിയാകും. ഡല്‍ഹി, മുംബൈ,അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പൂണെ തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെല്ലാം സൗകര്യം ലഭിക്കും.
വ്യക്തിഗത, പ്രൊഫഷണല്‍ പ്രൊഫൈല്‍, പാസ്പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, അഡ്രസ് പ്രൂഫ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകരുടെ പ്രൊഫഷണല്‍ പ്രൊഫൈല്‍, സാമ്പത്തിക നില, വിദ്യാഭ്യാസ യോഗ്യത, യുഎഇയുടെ ഗോള്‍ഡന്‍ വിസ വിഭാഗങ്ങളുമായുള്ള പൊരുത്തം എന്നിവയെല്ലാം വിലയിരുത്തിയാകും അപേക്ഷകള്‍ പരിഗണിക്കുക. തിരഞ്ഞെടുത്ത ഇന്ത്യന്‍ നഗരങ്ങളില്‍ വിഎഫ്എസ് ഗ്ലോബലും റയാദ് ഗ്രൂപ്പും ചേര്‍ന്ന് സ്ഥാപിക്കുന്ന സെന്റേഴ്സ് ഓഫ് എക്സലന്‍സ് വഴിയാണ് ഈ അഡൈ്വസറി പ്രേഗ്രാം നടപ്പാക്കുക. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പങ്കാളിയെയും, കുട്ടികളെയും രക്ഷിതാക്കളെയുമെല്ലാം സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. ഇതിലൂടെ ഗോള്‍ഡന്‍ വിസയുടെ അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. അതേസമയം നിക്ഷേപം, വ്യവസായം, വസ്തുക്കള്‍ എന്നിവയില്ലാതെ ഒരു ലക്ഷം ദിര്‍ഹം (23.3 ലക്ഷം രൂപ) നല്‍കിയാല്‍ ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)