Posted By user Posted On

ശുഭയാത്ര അന്ത്യയാത്രയായി; യുഎഇയിൽ മറൈൻ എഞ്ചിനീയറായ ഇന്ത്യക്കാരന്റെ മരണത്തിൽ ദുരൂഹത; വ്യക്തത തേടി കുടുംബം

ഷാർജ ‘അച്ഛാ ഞാനിപ്പോൾ കപ്പലിൽ കയറും’, മറൈൻ എഞ്ചിനീയറായ ഇന്ത്യക്കാരൻ അനുരാഗ് തിവാരി അവസാനമായി തൻറെ അച്ഛനോട് വീഡിയോ കോളിൽ ജൂൺ 28ന് പറഞ്ഞ വാക്കുകളാണിത്. സന്തോഷത്തോടെ ആ സംസാരം അവസാനിപ്പിച്ചപ്പോൾ അച്ഛൻ ഒരിക്കലും വിചാരിച്ചില്ല ഇനി തൻറെ മകൻറെ ശബ്ദം കേൾക്കാനാകില്ലെന്ന്. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് അനുരാഗിൻറെ കുടുംബത്തെ തേടി അനുരാഗിൻറെ മരണ വാർത്തെയെത്തി.

ലഖ്നൗ സ്വദേശിയായ 33കാരൻ അനുരാഗ് തിവാരി പുതിയ ദൗത്യത്തിനായാണ് ദുബൈയിൽ നിന്ന് ഷാർജയിലേക്ക് പോയത്. വാണിജ്യ കപ്പലായ ജന 505ലേക്ക് പോകാനായാണ് അനുരാഗ് ഷാർജയിലേക്ക് പുറപ്പെട്ടത്. ജൂൺ 29ന് ഇന്ത്യൻ സമയം പുലർച്ച് നാല് മണിക്ക് പുതിയ ദൗത്യത്തിന് പോകാനായൊരുങ്ങിയ മകന് പിതാവ് അനിൽ തിവാരി ഒരു സന്ദേശം അയച്ചു- ‘ബെസ്റ്റ് ഓഫ് ലക്ക്’. എന്ന ആ സന്ദേശത്തിന് മറുപടി ലഭിച്ചില്ല. നെറ്റ്‍വർക്ക് പ്രശ്നം മൂലം ആയിരിക്കുമെന്ന് പിതാവ് കരുതി. അന്ന് രാത്രി 9.38 മണിക്ക് കുടുംബത്തിന് ഒരു കോൾ ലഭിച്ചു, അനുരാഗ് പോയി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരു കുടുംബത്തിൻറെ സന്തോഷവും പ്രതീക്ഷയും കണ്ണീരിൽ അലിഞ്ഞു.

മുംബൈ ആസ്ഥാനമാക്കിയുള്ള ഒരു പ്ലേസ്മെൻറ് ഏജൻസിയായ അവിഷ്ക ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്പിഎൽ) അയച്ച ഇ മെയിലിൽ പറയുന്നത് ഇങ്ങനെ- കപ്പലിലെ എഞ്ചിൻ മുറിയിൽ അനുരാഗിനെ ബോധരഹിതനായി കാണപ്പെടുകയായിരുന്നു. സിപിആർ നൽകുകയും ജീവനക്കാർ അനുരാഗിനെ ബോട്ടിൽ തുറമുഖത്തേക്ക് എത്തിക്കുകയും ചെയ്തു. പക്ഷേ അടിയന്തര രക്ഷാ പ്രവർത്തക സംഘമെത്തി പരിശോധിച്ചപ്പോൾ പൾസ് ഇല്ലായിരുന്നു. ഹീറ്റ്സ്ട്രോക്ക് മൂലം പല അവയവങ്ങളും തകരാറിലായതാണ് മരണ കാരണമെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അവിഷ്ക ഷിപ്പിങ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കമ്പനിയുടെ ഈ വിശദീകരണത്തിലൂടെ കുടുംബത്തിൻറെ ആശങ്കകൾക്ക് മറുപടി ലഭിക്കാത്തതിനാൽ കുടുംബം തൃപ്തികരമല്ലായിരുന്നു. തങ്ങളുടെ മകൻറെ മരണത്തിൻറെ കാരണം കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എഞ്ചിൻ റൂമിലേക്ക് അനുരാഗിനെ തനിയെ അയച്ചത് എന്തിനാണെന്നാണ് പിതാവ് ചോദിക്കുന്നത്. എൻജിൻ റൂമിലേക്ക് മകനെ ഒറ്റയ്ക്ക് അയച്ചതിനെ അനിൽ ചോദ്യം ചെയ്തു. ഇത് സംഘമായി ചെയ്യേണ്ട ജോലിയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ‘ഒറ്റയ്ക്ക് ആരും അകത്ത് പോകില്ലെന്ന് അനുരാഗ് തങ്ങളോട് വ്യക്തമായി പറഞ്ഞിരുന്നു. ജോലി ഒരുമിച്ച് ചെയ്യേണ്ടതായിരുന്നു. പിന്നെ അവൻ എന്തിനാണ് ഒറ്റയ്ക്ക് പോയത്’?-അനിൽ ചോദിക്കുന്നു. അടിയന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് കുടുംബം വിശ്വസിക്കുന്നു. വിഷവാതകങ്ങളെ കുറിച്ച് എസ്ഒപി കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു വ്യക്തി അകത്തേക്ക് കയറുന്നതിന് മുമ്പ് അവിടെ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് ഉണ്ടായിരുന്നു എന്നും അനിൽ പറയുന്നു.

നടന്ന സംഭവങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴാണ് അനുരാഗിനെ എഞ്ചിൻ റൂമിലേക്ക് അയച്ചത്, ആരാണ് അനുരാഗിനെ കണ്ടെത്തിയത്, ഉടനടി എന്ത് മെഡിക്കൽ സഹായമാണ് ലഭ്യമാക്കിയത് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ‘അവൻ ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിൽ പോലും അബോധാവസ്ഥയിലായിരുന്നെങ്കിൽ എന്തിനാണ് സിപിആർ ചെയ്തത്? ഹൃദയം നിലയ്ക്കുമ്പോഴാണ് സാധാരണയായി അത് ചെയ്യുന്നത്. ഞങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രം മതി’-അനിൽ പ്രതികരിച്ചു.

ജൂൺ 19 നാണ് അനുരാഗ് ദുബൈയിൽ കപ്പൽ ജോലിക്കായി ചേർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള സിനർജി ഷിപ്പ് അറേബ്യ എന്ന കമ്പനിയിൽ തേർഡ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. സൗദി കോൺഗ്ലോമറേറ്റിന്റെ ഉടമസ്ഥതയിലുള്ള ജാന 505 എന്ന കപ്പലിന്റെ പ്രവർത്തനങ്ങൾക്കായുള്ള മേൽനോട്ടം വഹിക്കുകയായിരുന്നു സിനർജി ഷിപ്പ് അറേബ്യ. എഎസ്പിഎലിന്റെ ജനറൽ മാനേജർ കുടുംബത്തിന് അയച്ച കത്തിൽ ഓഫ്‌ലോഡിങ് പ്രവർത്തനങ്ങൾക്കിടെ അനുരാഗ് തളർന്ന് എൻജിൻ റൂമിൽ വീണു എന്നാണ് പറയുന്നത്. എന്നാൽ, തന്റെ മകൻ ആദ്യം ഡെക്കിൽ ബോധരഹിതനായെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് അനിൽ പറഞ്ഞു. അതൊരു ഗുരുതരമായ വൈരുധ്യമാണ്. ഡെക്കും എൻജിൻ റൂമും തികച്ചും വ്യത്യസ്തമായ സ്ഥലങ്ങളാണ്.

കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതായും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖലീജ് ടൈംസിനോട് പറഞ്ഞു. ജൂലൈ അഞ്ചിന് നാട്ടിലെത്തിച്ച അനുരാഗിൻറെ മൃതദേഹം അന്ന് വൈകിട്ട് സംസ്കരിച്ചു. അനുരാഗിൻറെ മൂന്നു വയസ്സുള്ള മകൻ ഇപ്പോഴും അച്ഛനെ തിരക്കാറുണ്ടെന്ന് അനിൽ പറയുന്നു. യുഎഇ അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വിഷവാതകം ശ്വസിച്ചോയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വിഷവാതകം ശ്വസിച്ചോയെന്ന് കണ്ടെത്താൻ അനുരാഗിൻറെ രക്ത സാമ്പിളുകൾ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 30 വയസ്സുകാരിയായ ഭാര്യയും മൂന്ന് വയസ്സുകാരനായ മകനും പ്രായമായ മാതാപിതാക്കളും എല്ലാം നഷ്ടപ്പെട്ടു നിരാലംബരായിരിക്കുകയാണെന്നും കുടുംബം പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *