
യുഎഇയിൽ നിങ്ങൾക്ക് ട്രാഫിക് പിഴയുണ്ടോ? 60 ദിവസത്തിനകം അടച്ചാൽ 35 ശതമാനം ഇളവ്
നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ ഗതാഗത പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. സാമ്പത്തിക പിഴ, വാഹനം പിടിച്ചെടുക്കൽ കാലയളവ്, വാഹന സംഭരണ ഫീസ്, വൈകുന്നതുമൂലമുള്ള പിഴകൾ എന്നിവക്ക് ഇളവ് ബാധകമാണ്.
പിഴ അടക്കുന്നത് 60 ദിവസത്തിന് ശേഷവും, എന്നാൽ ഒരു വർഷത്തിനുള്ളിലുമാണെങ്കിൽ 25 ശതമാനം ഇളവ് ലഭിക്കും. ഈ ഇളവ് സാമ്പത്തിക പിഴകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അതേസമയം, നിശ്ചിത ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ഇളവുകൾ ബാധകമല്ല.ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. വ്യത്യസ്ത സാമ്പത്തിക രംഗങ്ങളിലെ 88 പ്രോജക്ടുകളിൽ ഉൾപ്പെടുന്ന സംരംഭകർക്ക് സർക്കാർ ഫീസിൽ 50 ശതമാനം കിഴിവ് നൽകുന്നതിനും കൗൺസിൽ അംഗീകാരം നൽകി.
യുവ സംരംഭകരെ പിന്തുണക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഷാർജ ഫൗണ്ടേഷൻ ടു സപ്പോർട്ട് പയനിയറിങ് എന്റർപ്രണേഴ്സ് (ആർ.യു.ഡബ്ല്യു.എ.ഡി) സഹായിക്കുന്ന സംരംഭക പദ്ധതികളെ രണ്ടു വർഷത്തേക്ക് സർക്കാർ ഫീസിന്റെ പകുതിയിൽനിന്ന് ഒഴിവാക്കുക. നേരത്തേ 2023ൽ ഷാർജയിൽ 35 ശതമാനം ഇളവ് പദ്ധതി അവതരിപ്പിച്ചിരുന്നു. നിലവിൽ അബൂദബിയിലും നേരത്തേ പിഴ അടക്കുന്നവർക്ക് ഇളവ് ലഭിക്കുന്ന സംവിധാനം നിലവിലുണ്ട്. ഡ്രൈവർമാർക്ക് ആശ്വാസകരമായ പദ്ധതി നിരവധി പേരാണ് ഉപയോഗപ്പെടുത്തി വരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)