Posted By user Posted On

അതുകൊണ്ടാണ് ഈ രാജ്യം പ്രിയപ്പെട്ടതാകുന്നത്; യുഎഇയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെയെത്തിച്ച് ആശുപത്രി അധികൃതർ

ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെ നൽകി ആശുപത്രി അധികൃതർ. ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാ​ഗ് മറന്നുവെച്ചത്. 32,000 ദിർഹം പണവും ബാ​ഗിൽ ഉണ്ടായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇംതിയാസ് ആശുപത്രിയിലെത്തിയത്. കടുത്ത പനി ബാധിച്ച സഹോദരനെയും കൊണ്ടാണ് ഹോസ്പിറ്റലിൽ ഇംതിയാസ് എത്തിയത്. സഹോദരനെ ഉടൻതന്നെ അത്യാഹിത വിഭാ​ഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തിരക്കിനിടെ ഇംതിയാസ് തന്റെ പണമടങ്ങിയ ബാ​ഗ് അവിടെ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാ​ഗ് അത്യാഹിത വിഭാ​ഗത്തിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ സൂപ്പർവൈസറായ ഹമീദ് ബിൻ ഹുസൈനിനെ ഏൽപ്പിക്കുകയുമായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാ​ഗിന്റെ ഉടമയെ കണ്ടെത്തിയത്.

ബാ​ഗിനുള്ളിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നത് ഉടമയെ കണ്ടുപിടിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് കൂടുതൽ സഹായകമായി. ഇംതിയാസിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ പതിവായി ഉണ്ടാകാറുണ്ടെന്നും യാഥാർഥ ഉടമയ്ക്ക് ബാ​ഗ് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

`അന്നൊരു വല്ലാത്ത ദിവസമായിരുന്നു. സഹോദരന് പനിയായി ആശുപത്രിയിൽ കൊണ്ടുവന്നതാണ്. അതിനിടയിൽ എന്റെ ബാ​ഗ് നഷ്ടപ്പെടുകയായിരുന്നു. പണം മുഴുവനും ബാ​ഗിനുള്ളിലായിരുന്നു. ബാ​ഗ് നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പേടിച്ചുപോയി. ബാ​ഗ് എവിടെയാണ് മറന്നുവെച്ചതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസം മുഴുവൻ ബാ​ഗ് അന്വേഷിച്ച് നടന്നു. അപ്പോഴാണ് തുംബൈ ​ഹോസ്പിറ്റലിൽ നിന്നും എനിക്ക് കോൾ വന്നത്’ – ഇംതിയാസ് പറയുന്നു. ബാ​ഗ് തിരികെ നൽകിയതിലുള്ള ആശുപത്രി ജീവനക്കാരുടെ സത്യസന്ധതയ്ക്ക് ഇംതിയാസ് നന്ദി പറഞ്ഞു. എനിക്ക് പണവും ബാ​ഗും ഒക്കെ തിരികെ ലഭിച്ചു. ഇത് യുഎഇയിൽ മാത്രമേ നടക്കൂ, അതുകൊണ്ടുതന്നെയാണ് ഈ രാജ്യം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത് – ഇംതിയാസ് പറഞ്ഞു.

ആശുപത്രി ജീവനക്കാരുട ഈ പ്രവൃത്തി നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി. തുംബൈ ആശുപത്രി അധികൃതർ ജീവനക്കാരെ പ്രശംസിക്കുന്നതിനായി അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. തുംബൈ ഹെൽത്ത്കെയറിന്റെ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബൈ ജീവനക്കാരെ വ്യക്തിപരമായി അഭിനന്ദിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *