
‘കാര്യമായ ജോലികളില്ല,റിക്രൂട്ട്മെന്‍റുണ്ട്’; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്കു വന്‍തുക പിഴ
യുഎഇയില്‍ 1,300 സ്വകാര്യ കമ്പനികള്‍ക്ക് 3.4 കോടി ദിര്‍ഹം പിഴ ചുമത്തി മാനവശേഷി, സ്വദേശിവത്കരണമന്ത്രാലയം. ട്രേഡ് ലൈസൻസിൽ പരാമർശിച്ച ബിസിനസ് നടത്താത്തതിനാണ് പിഴ ചുമത്തിയത്. യുഎഇ തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനും നിയമങ്ങൾ ലംഘിക്കുന്നത് തടയുന്നതിനും സ്വകാര്യമേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണു നടപടി കടുപ്പിച്ചത്. ഈ കമ്പനികളെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തിയതിനു പുറമേ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതും തടഞ്ഞു. ഇതേ കമ്പനികൾ പുതിയ ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നത് വിലക്കിയിട്ടുണ്ടെന്നും ലൈസൻസിൽ പരാമർശിക്കാത്ത മറ്റ് ബിസിനസുകൾ ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. കാര്യമായ ജോലികളൊന്നും ഇല്ലെങ്കിലും സ്ഥാപനങ്ങളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം കണ്ടെത്തി. ജീവനക്കാർക്ക് വർക്ക് പെർമിറ്റിൽ കാണിച്ച ജോലി നൽകാതെ വ്യാജ റെക്കോർഡ് സൂക്ഷിക്കുന്ന കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. പ്രവർത്തനം നിർത്തുന്ന കമ്പനികൾ ലൈസൻസ് റദ്ദാക്കണമെന്നും തൊഴിലാളികളുടെ നില അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതു ചെയ്യാത്ത കമ്പനികൾ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. നിയമം ലംഘിക്കുന്ന കമ്പനികളെ കുറിച്ച് 60059000 എന്ന നമ്പറിൽ കോൾ സെന്ററിലോ സ്മാർട്ട് ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ അറിയിക്കണമെന്നും അധികൃതര്‍ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)