
നിയമം ലംഘിച്ചാൽ പണി ഉറപ്പ്; യുഎഇയിൽ 1300 കമ്പനികൾക്ക് വൻതുക പിഴ
തൊഴിൽ നിയമലംഘനം നടത്തിയ റിക്രൂട്ട്മെൻറ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈയിലെ 1,300 സ്ഥാപനങ്ങൾക്ക് മൊത്തം 3.4 കോടി ദിർഹം പിഴ ചുമത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 1,300 സ്ഥാപനങ്ങളിലായി 1,800 തൊഴിലുടമകളാണ് നടപടി നേരിട്ടത്. ഈ കമ്പനികൾ നിയമിച്ച തൊഴിലാളികൾക്ക് രേഖകൾ പ്രകാരമുള്ള യഥാർഥ ജോലി നൽകിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൽനിന്ന് ഇത്തരം കമ്പനികളെ മന്ത്രാലയം വിലക്കി. കൂടാതെ സ്വകാര്യ മേഖല വർഗീകരണ സംവിധാനത്തിൽ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് ഈ കമ്പനികളെ മാറ്റുകയുംചെയ്തു. പിഴയും കർശന നിയന്ത്രണങ്ങളും നേരിടുന്ന കമ്പനികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. പുതിയ ബിസിനസിനായി രജിസ്റ്റർ ചെയ്യുന്നതിൽനിന്നും നിയമലംഘനം നടത്തിയ കമ്പനികൾക്ക് വിലക്കുണ്ട്. സ്വകാര്യ മേഖലയിലെ വഞ്ചനയെ ചെറുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിലവിലെ തൊഴിൽ നിയമങ്ങൾക്കും സമീപകാല പ്രമേയങ്ങൾക്കും അനുസൃതമായാണ് ഈ നടപടികൾ.
പ്രവർത്തിക്കാത്ത സ്ഥാപനങ്ങളാണെങ്കിൽ ഉടൻ ലൈസൻസുകൾ റദ്ദാക്കുകയും തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണമെന്ന് അധികൃതർ എല്ലാ തൊഴിൽ സ്ഥാപനങ്ങളോടും അഭ്യർഥിച്ചു. ഇതിൽ വീഴ്ചവരുത്തിയാൽ തൊഴിലുടമയും ജോലിക്കാരും ഉൾപ്പെടെ നിയമപരമായി ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. പ്രത്യേകിച്ച് തൊഴിലാളിയുമായി യഥാർഥ തൊഴിൽബന്ധമില്ലെന്ന് കണ്ടെത്തിയാൽ. പ്രവർത്തിക്കാത്ത കമ്പനികളിൽ തൊഴിലാളികളെ വെക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.
ഇത് വെറും സാങ്കേതിക പിഴവായി പരിഗണിക്കില്ല. ഇത് മൊത്തം തൊഴിൽ വിപണിയുടെയും ന്യായത്തെയും സന്തുലിതാസ്ഥയെയും ബാധിക്കുന്ന വിഷയമാണ്. ഒരു കമ്പനി യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സ്മാർട്ട് സംവിധാനത്തിലൂടെ കഴിയും. സ്പോൺസർ ചെയ്ത തൊഴിലാളികൾ, സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ, അടുത്തിടെ ഇവർ മന്ത്രാലയവുമായി നടത്തിയ ഇടപാടുകൾ എന്നിവ പരിശോധിച്ചാണ് നിയമലംഘകരെ കണ്ടെത്തുന്നത്. തൊഴിൽ റിക്രൂട്ട്മെൻറ് സ്ഥാപനവുമായി ബന്ധപ്പെട്ട സംശയങ്ങൾ കോൾ സെൻറർ നമ്പറായ 60059000ത്തിലോ സ്മാർട്ട് ആപ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)