Posted By user Posted On

ഖത്തര്‍ തന്നെ ഒന്നാം സ്ഥാനത്ത്; യുഎഇ പോലും പിന്നില്‍, പശ്ചിമേഷ്യയിലെ ഏറ്റവും സമാധാന രാജ്യം

ദോഹ: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഐസ്ലാന്റ് ആണ്. പശ്ചിമേഷ്യയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഖത്തറിനെയാണ്. ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഇക്കണോമിക്‌സ് പീസ് (ഐഇപി) ഓരോ വര്‍ഷവും സമാധാന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. 2025ലെ ഗ്ലോബര്‍ പീസ് ഇന്‍ഡക്‌സിലാണ് പുതിയ വിവരം. പശ്ചിമേഷ്യയും വടക്കന്‍ ആഫ്രിക്കയും ചേരുന്ന മിന മേഖലയില്‍ ഏറ്റവും സമാധാനമുള്ളത് ഖത്തറിലാണ്. ആഗോള പട്ടികയില്‍ 27ാം സ്ഥാനത്താണ് ഖത്തറിനുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനം ഖത്തറിന് തന്നെയാണ്. 163 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ഓരോ വര്‍ഷവും ഐഇപി പട്ടിക പുറത്തിറക്കുക. യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനവും പുതിയ പട്ടികയിലുണ്ട്.

ഖത്തറിന് ശേഷം കുവൈത്ത്, ഒമാന്‍, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ 75 രാജ്യങ്ങളുടെ പട്ടികയിലുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് ഈ അഞ്ച് രാജ്യങ്ങളാണ് 75ല്‍ ഇടം പിടിച്ചിരിക്കുന്നത്. കുവൈത്ത് 31, ഒമാന്‍ 42, യുഎഇ 52, ജോര്‍ദാന്‍ 72 എന്നിങ്ങനെയാണ് ആഗോള തലത്തിലുള്ള സ്ഥാനം. 23 കാര്യങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍, സൈനികവല്‍ക്കരണം എന്നിയാണ് പ്രധാനമായും പരിശോധിക്കുക.

രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യം

പശ്ചിമേഷ്യയില്‍ സമാധാനം കുറഞ്ഞിട്ടുണ്ട് എന്നാണ് പുതിയ സൂചിക വ്യക്തമാക്കുന്നത്. യമന്‍, സിറിയ, സുഡാന്‍, പലസ്തീന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ശഷ സാഹചര്യങ്ങളാണ് മേഖലയുടെ സമാധാനത്തിന് തടസം. ഖത്തറില്‍ കുറ്റകൃത്യ നിരക്ക് വളരെ കുറവാണ്. ലോക സമാധാനത്തിന് വേണ്ടി ഖത്തറിന്റെ ഇടപെടല്‍ പ്രധാനവുമാണ്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുന്ന വിദേശനയം ഖത്തറിന് ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിക്കുന്നു.സൈനിക വല്‍ക്കരണം ഖത്തറില്‍ കുറവാണ്. മാത്രമല്ല, മികച്ച തൊഴില്‍ ഇടവും ഖത്തറിലുണ്ട്. ആഗോള തലത്തില്‍ സംഘര്‍ഷം വര്‍ധിച്ചത് കാരണം 108 രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള പണച്ചെലവ് വര്‍ധിപ്പിച്ചു. ലോകത്ത് 59 സംഘര്‍ഷ മേഖലകളുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇത്രയും അധികം ആദ്യമാണ് എന്നും പീസ് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *