Posted By user Posted On

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഗൾഫ്, അറബ്, യൂറോപ്പ്, യുഎസ് മേഖലകളിലെ മുൻനിര എയർലൈനുകൾ റദ്ദാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മിക്ക എയർലൈനുകളും ഇനിയും സർവീസുകൾ തുടങ്ങിയിട്ടില്ല. ചിലത് പുനരാരംഭിച്ചെങ്കിലും സർവീസ് തടസ്സവും കാലതാമസവും നേരിടുന്നുണ്ട്. മേഖലയിലെ വ്യോമപാത അടയ്ക്കലും ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്കുണ്ടായ മിസൈൽ ആക്രമണവും സുരക്ഷാ ആശങ്കകളും ആഗോള വ്യോമഗതാഗതത്തെ നിലവിലും സ്വാധീനിക്കുന്നുണ്ടെന്നതാണ് ഇതിന് കാരണം. ഏതൊക്കെ എയർലൈനുകളാണ് സർവീസ് റദ്ദാക്കിയതും പുനരാരംഭിച്ചിരിക്കുന്നതുമെന്നറിയാം.

∙ അജിയാൻ എയർലൈൻസ്
ഗ്രീക്ക് എയർലൈൻ ആയ അജിയാൻ ടെൽ അവീവ്, ബെയ്റൂട്ട്, അമ്മൻ, ഇർബിൽ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ സെപ്റ്റംബർ 8 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

∙ എയർബാൾട്ടിക്
ലാത്വിയയുടെ എയർ ബാൾട്ടിക് സെപ്റ്റംബർ 30 വരെയാണ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

∙ എയർ കാനഡ
കനേഡിയൻ വിമാനമായ എയർ കാനഡ ടൊറന്റോയിൽ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഓഗസ്റ്റ് 4 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കാനഡയ്ക്കും ഇസ്രയേലിനും ഇടയിലുള്ള സർവീസുകൾ സെപ്റ്റംബർ 8 മുതൽക്കേ പുനരാരംഭിക്കുകയുള്ളു.

∙ എയർ യൂറോപ്പ
സ്പാനിഷ് എയർലൈൻ ആയ എയർ യൂറോപ്പ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
∙ എയർ ഫ്രാൻസ്
ഫ്രഞ്ച് എയർലൈൻ പാരിസ്-ടെൽ അവീവ് സെക്ടറിലേക്കുള്ള സർവീസുകൾ ജൂലൈ 7 മുതലും പാരിസ്-ബെയ്റൂട്ടിലേക്കുള്ളവ ഇന്നു മുതൽക്കും ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
∙ എയർ ഇന്ത്യ
എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കും യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ ജൂൺ 24ന് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.

എയർ ഇന്ത്യ
∙ അറിക
ഇസ്രയേൽ എയർലൈൻ ന്യൂയോർക്കിലേക്ക് ഒഴികെയുള്ള എല്ലാ സർവീസുകളും ജൂൺ 30 വരെ റദ്ദാക്കിയിട്ടുണ്ട്. ഇലാത്തിലേക്കുള്ള സർവീസുകൾ ഇന്ന് വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

∙ ഡെൽറ്റ എയർലൈൻസ്
യുഎസ് എയർലൈൻ ആയ ഡെൽറ്റ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രകൾ ഓഗസ്റ്റ് 31 വരെ തടസ്സപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

∙ എൽ അൽ ഇസ്രയേൽ എയർലൈൻസ്
ജൂൺ 24 മുതൽ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിച്ചിരുന്നു. അടുത്ത ആഴ്ച മുതൽ വിമാന സർവീസുകൾ സാധാരണ പോലെ തുടരുമെന്നാണ് ഇസ്രയേൽ എയർലൈൻ അറിയിച്ചിരിക്കുന്നത്. ചില സർവീസ് റദ്ദാക്കൽ ഒഴികെയാണിത്.

ഇത്തിഹാദ് എയർവേയ്സ്.
∙ ഇത്തിഹാസ് എയർവേയ്സ്
അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള സർവീസുകൾ ജൂലൈ 15 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
∙ എമിറേറ്റ്സ്
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ വീണ്ടും ജൂലൈ 5 വരെ നീട്ടിയിട്ടുണ്ട്. ബാഗ്ദാദ്, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ യഥാക്രമം ജൂലൈ 1, 2 തീയതികളിലാണ് പുനരാരംഭിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങളെ തുടർന്നാണ് വീണ്ടും നീട്ടിയതെന്നാണ് വിശദമാക്കിയിരിക്കുന്നത്.

∙ ഫിൻഎയർ
ജൂൺ 30 വരെ ദോഹയിലേക്കുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 1ലെ എവൈ1982 വിമാനവും റദ്ദാക്കി. ഇറാഖ്, ഇറാൻ, സിറിയ, ഇസ്രയേൽ വ്യോമപാതകളിലൂടെ പറക്കില്ലെന്നാണ് ഫിൻ എയർ പ്രഖ്യാപിച്ചിരിക്കുന്നത്.
∙ ഫ്ളൈ ദുബായ്
യുഎഇ എയർലൈൻ ആയ ഫ്ളൈ ദുബായ് മേഖലയിലുടനീളമുള്ള സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കും. ഡമാസ്ക്കസ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂണ്ഡ 26ന് പുനസ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

∙ ബ്രിട്ടീഷ് എയർവേയ്സ്
ഐഎജി ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയിരിക്കുകയാണ്. അമ്മൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ളവ ജൂൺ 30 വരെയും റദ്ദാക്കിയിട്ടുണ്ട്.

ഐഎജിയുടെ ബജറ്റ് എയർലൈനായ ഇബേറിയ എക്സ്പ്രസും ജൂൺ 30 വരെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ദോഹയിലേക്കുള്ളവ ഇന്നലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്.

∙ ഐടിഎ എയർവേയ്സ്
ഇറ്റാലിയൻ എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1 ലേക്ക് ഷെഡ്യൂൾ ചെയ്തവയും സർവീസ് നടത്തില്ല.
∙ ജപ്പാൻ എയർലൈൻസ്
ജൂലൈ 2 വരെ ദോഹയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

∙ ലുഫ്താൻസ ഗ്രൂപ്പ്
ബെയ്റൂട്ടിലേക്കുള്ളവ ജൂൺ 30 വരെയും ടെൽ അവീവ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31 വരെയാണ് ജോർദാനിലെ അമ്മനിലേക്കും ഇർബിലിലേക്കുമുള്ള സർവീസ് റദ്ദാക്കൽ. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംഘർഷബാധിത രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കില്ലെന്നാണ് ജർമൻ എയർലൈൻ ആയ ലുഫ്താൻസയുടെ പ്രഖ്യാപനം.

∙ പെഗസസ്
തുർക്കിഷ് എയർലൈൻ ആയ പെഗസസ് ജൂലൈ 7 വരെ ഇറാനിലേക്കും ഇറാഖ്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 4 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
∙ ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ജൂൺ 30 മുതൽ ബാഗ്ദാദ്, ജൂലൈ 1 മുതൽ ഇർബിൽ, ജൂലൈ 2 മുതൽ സുലൈമാനിയ, നജാഫ്, ജൂലൈ 3 മുതൽ ബസ്ര എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. അതേസമയം ഇറാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

∙ റയാൻ എയർ
ഒക്ടോബർ 25 വരെയാണ് ടെൽ അവീവ്, അമ്മൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.
∙ ടറോം
റൊമാനിയൻ എയർലൈൻ ആയ ടറോം ടെൽ അവീവിലേക്കുള്ള സർവീസുകൾ തുടങ്ങിയെങ്കിലും ബെയ്റൂട്ടിലേക്കുള്ളവ ജൂൺ അവസാനം തുടങ്ങുമെന്നാണ് പ്രഖ്യാപനം.

∙ ടസ് എയർവേയ്സ്
ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
∙ യുണൈറ്റഡ് എയർലൈൻസ്
ടെൽ അവീവിലേക്കുള്ള സർവീസുകൾക്ക് ഓഗസ്റ്റ് 1 വരെ തടസ്സം നേരിട്ടേക്കുമെന്നാണ് അറിയിപ്പ്. ദുബായിലേക്കുള്ള വിമാനങ്ങൾ ജൂലൈ 3 വരെയും തടസ്സപ്പെട്ടേക്കും.

∙ വിസ് എയർ
സെപ്റ്റംബർ 15 വരെ ടെൽ അവീവ്, അമ്മൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യുഎഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂൺ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇസ്രയേൽ, ഇറാഖ്, ഇറാൻ, സിറിയൻ വ്യോമപാതകളിലൂടെ സഞ്ചരിക്കില്ലെന്നാണ് അറിയിപ്പ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *