Posted By user Posted On

ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാൻ; തിരിച്ചടിക്കാന്‍ ഇറാന് മുന്നില്‍ 3 മാ‍ര്‍ഗങ്ങള്‍, ആശങ്കയിലായി ഗള്‍ഫ് രാജ്യങ്ങള്‍

ടെല്‍അവീവ്: ഇറാനിയൻ ആണവ കേന്ദ്രങ്ങളില്‍ അടുത്തിടെ യുഎസ് നടത്തിയ സെെനിക ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതിഅംഗമായ മേജര്‍ ജനറല്‍ കൗസാരിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം അന്തിമ തീരുമാനം ഇറാന്റെ ഉന്നത സുരക്ഷാ അതോറിട്ടിയായ സുപ്രീം നാഷണ‍ല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെതാണെന്നും കൗസാരി അറിയിച്ചു.
അരനൂറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കൽ മൈലാണ് വീതി. ലോകത്തിലെ ഏറ്റവും ഊർജസമ്പന്നമായ ചില രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗം കൂടിയാണ് ഹോർമൂസ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇഐഎ) ന്റെ കണക്കുകൾ പ്രകാരം, ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നത്. ഇത് ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണ്.
ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലേക്ക് ഇറാൻ എത്തിയത്. ഇതോടെ ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം.

തിരിച്ചടിക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഇറാനു മുന്നിലുള്ളത്. ഒന്ന് ഇസ്രയേലില്‍ നിലവില്‍ നടത്തുന്ന വ്യോമാക്രമണം കടുപ്പിക്കുക. മിഡില്‍ ഈസ്റ്റിലെ 19 അമേരിക്കന്‍ മിലിട്ടറി ബേസുകളില്‍ ആക്രമണം നടത്തുക. മൂന്നാമത്തേതാണ് ലോകത്തെയാകെ ആശങ്കയിലാക്കുന്നത്. പലവട്ടം ഇറാന്‍ ഭീഷണി മുഴക്കിയിട്ടുള്ള ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുക. ലോകത്തെ എണ്ണവ്യാപാരത്തിന്‍റെ 25 ശതമാനവും നടക്കുന്ന സ്ട്രെയിറ്റ് ഓഫ് ഹോര്‍മൂസ് അടച്ചാല്‍ ഇറാഖ്, കുവൈത്ത്, ഖത്തര്‍, യുഎഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുറത്തേക്കുള്ള എണ്ണനീക്കം നിലയ്ക്കും. ഇതോടെ എണ്ണവില കുതിച്ചുയരും. 

യുഎസില്‍ വാഷിങ്ടണിലും, ന്യൂയോര്‍ക്കിലുമടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുഎസ് ബേസുകള്‍ക്ക് നേരെ ഇറാന്‍ നീക്കം നടത്തിയാല്‍ അമേരിക്കയുടെ തുടര്‍നീക്കം ശക്തമായിരിക്കും. പ്രത്യാക്രമണത്തിന് മുതിരാതെ ഇറാന്‍ നയതന്ത്രനീക്കം നടത്തുകയാണ് തല്‍ക്കാലം ഇറാനു മുന്നിലുള്ള സുരക്ഷിതമാര്‍ഗം. അതിനുള്ളസാധ്യത വിദൂരമാണ് താനും 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *