
ബലി പെരുന്നാൾ പൊലിമയിൽ ഗൾഫ്; മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം
ത്യാഗത്തിന്റെ സന്ദേശം പകർന്നെത്തിയ ബലി പെരുന്നാളിനെ ഹൃദയം കൊണ്ട് വരവേറ്റ് ഗൾഫ്. പുലർച്ചെ നടന്ന ഈദ് നമസ്‌കാരത്തിൽ പങ്കെടുത്ത വിശ്വാസികൾ സൗഹൃദം പുതുക്കിയും ആലിംഗനം ചെയ്തുമാണ് തിരിച്ചു പോയത്. ഒമാൻ അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് ബലി പെരുന്നാൾ.
യുഎഇയിൽ പുലർച്ചെ 5.41 മുതലായിരുന്നു പെരുന്നാൾ നമസ്‌കാരങ്ങൾ. മസ്ജിദുകൾക്കു പുറമേ ഈദ് ഗാഹുകളിലും പ്രാർഥനകൾ നടന്നു. മലയാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ പ്രവാസികളുടെ സൗഹൃദസംഗമങ്ങൾ കൂടിയായി. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായിരുന്നു മലയാളി ഈദ് ഗാഹുകൾ. ദുബൈ അൽഖൂസ് അൽമനാർ സെന്റർ ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്‌കാരത്തിന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകി.
ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂളിലെ ഈദ്ഗാഹിന് സാജിദ് ബിൻ ഷരീഫ് നേതൃത്വം നൽകി. ഷാർജ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഹുസൈൻ സലഫിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ് നമസ്‌കാരം. അജ്മാനിൽ അൽ ജറഫ് ഹാബിറ്റാറ്റ് സ്‌കൂൾ അങ്കണത്തിൽ നടന്ന നമസ്‌കാരത്തിന് മുഹമ്മദ് ഇസ്ഹാഖ് നദ് വി നേതൃത്വം നൽകി. സഹിഷ്ണുതയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ഇമാമുമാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിൽ 710 ഇടങ്ങളിലാണ് പ്രാർഥനക്ക് സൗകര്യം ഒരുക്കിയിരുന്നത്. മലയാളികൾ കൂടുതൽ ആയി എത്തുന്ന കേന്ദ്രങ്ങളിൽ മലയാള പരിഭാഷയും ഒരുക്കിയിരുന്നു. ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയത്തിലും നമസ്‌കാരം നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി ലുസൈലിലെ ഈദ് ഗാഹിൽ പ്രാർഥന നിർവഹിച്ചു.
നിരവധി മലയാളി ഈദ് ഗാഹുകൾക്ക് ഒമാനും വേദിയായി. മസ്‌കത്തിലെ അമേറാത്തിലെ നടന്ന ഈദ് ഗാഹിന് സ്വദ്‌റുദ്ദീൻ വാഴക്കാട് നേതൃത്വം നൽകി. നിസ്‌വയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.
എല്ലാ രാഷ്ട്രങ്ങളിലും ഗവണ്മെന്റിന്റെ നേതൃത്വത്തിലാണ് ബലിയറുക്കാനുള്ള സംവിധാനങ്ങൾ. ഇന്ന് രാത്രി ആഘോഷ പരിപാടികളും അരങ്ങേറും. അതിശക്തമായ ചൂടായതിനാൽ രാത്രിയോടെയാകും ആളുകളുടെ ഒത്തുചേരൽ. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും കരിമരുന്ന് പ്രയോഗങ്ങളുണ്ട്. ദുബൈയിൽ ആറിടങ്ങളിൽ പീരങ്കി മുഴക്കിയുള്ള ആഘോഷം നടക്കും. അബൂദബി കോർണിഷും ഷാർജ അൽ ജാദയും ആഘോഷങ്ങൾക്ക് വേദിയാകും. ഖത്തറിലെ കത്താറയിലും വക്ര സൂഖിലും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ
Comments (0)