Posted By user Posted On

യുഎഇയിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു; കണ്ണീരോടെ സുഹൃത്തുക്കൾ

ദുബായിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ മലയാളി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മധുവാഹിനി തീരത്തെ വയലിൽ വെള്ളക്കെട്ടിൽ തെന്നി വീണ് ഒഴുക്കിൽപ്പെട്ടാണ് മരണം. ഉദുമ പാലക്കുന്ന് കരിപ്പോടി പി.കെ.ഹൗസിൽ മുഹമ്മദ് സാദിഖ് (37) ആണ് മരിച്ചത്. പട്‍‌ല കാനക്കോട് അരമന വളപ്പ് മൊഗറു വയലിൽ ഭാര്യാസഹോദരന്റെ വീടിനു സമീപമായിരുന്നു അപകടം. വെള്ളക്കെട്ടിൽ വീണ മുഹമ്മദ് സാദിഖിനെ പിടിക്കാൻ ഭാര്യാസഹോദരൻ മൊയ്തീൻ ചാടിയെങ്കിലും പിടിവിട്ടതിനാൽ രക്ഷപ്പെടുത്താനായില്ല. ഒഴുക്കിൽപ്പെട്ട മൊയ്തീൻ വയലിലെ പഴയ ഇലക്ട്രിക് പോസ്റ്റിൽ ഒരു മണിക്കൂറോളം പിടിച്ചു നിന്നു.നാട്ടുകാ‍ർ തോണിയിൽ എത്തിയാണ് പത്തടി താഴ്ചയുള്ള വെള്ളക്കെട്ടിൽ നിന്ന് മൊയ്തീനെ രക്ഷപ്പെടുത്തിയത്. അരമന വയലിലെ ഭാര്യയുടെ വീട്ടിൽ നിന്ന് ഭാര്യയുടെ മറ്റൊരു സഹോദരനായ അബ്ദുൽ സലാമിന്റെ വീട്ടിൽ വെള്ളം കയറുന്നുണ്ടെന്നറിഞ്ഞ് പോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഞാൻ പോയി വരാമെന്നും താൻ വരണ്ട എന്നും മൊയ്തീൻ പറഞ്ഞിരുന്നുവെങ്കിലും പിന്നാലെ മുഹമ്മദ് സാദിഖും പോകുകയായിരുന്നു. വീണ സ്ഥലത്തു നിന്ന് തന്നെയാണ് മുഹമ്മദ് സാദിഖിന്റെ മൃതദേഹം നാട്ടുകാർ പുറത്തെടുത്തത്.

ദുബായിൽ ഒരു സ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്തിരുന്ന സാദിഖ് ദുബായിൽ മരിച്ച ഭാര്യാസഹോദരൻ റാഷിദിന്റെ മൃതദേഹവുമായി ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റൈൽ ഷോപ്പ് ഉടമ പി. കെ.അബ്ദുൽ അസീസിന്റെയും അസ്മയുടെയും മകനാണ്. പുതുതായി പണിയുന്ന വീട് നിർമാണ തിരക്കുമായി പകൽ സമയം കരിപ്പോടിയിലായിരിക്കുമെങ്കിലും രാത്രി പട്ളയിലെ ഭാര്യാസഹോദരങ്ങളുടെ വീട്ടിൽ മക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ അങ്ങോട്ടേക്ക് പോകുമായിരുന്നു. യുഎഇയിൽ വലിയൊരു സൗഹൃദവലയമുള്ള ആളാണ് സാദിഖ്. പ്രിയസുഹൃത്തിന്റെ അപകട മരണം സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി.

ഭാര്യ:ഫർസാന (പട്‌ല). മക്കൾ: ഫാദിൽ സൈൻ (പാലക്കുന്ന് ഗ്രീൻ വുഡ്‌സ് സ്കൂൾ) നിയാ ഫാത്തിമ(കോട്ടിക്കുളം നൂറുൽ ഹുദാ സ്കൂൾ), ആമിന. സഹോദരങ്ങൾ: സമീർ, സവാദ് (ഇരുവരും ദുബായ്) ഷംസുദ്ദിൻ(വൈറ്റ് ഹൗസ് ഷോപ്പ്, ഉദുമ) സബാന (പാക്യാര).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *