
അറിഞ്ഞോ? ഇതുവരെ ഒരു കമ്പനിയും സ്വപ്നം കാണാത്ത ഫോൺ, ഇതാ ആപ്പിൾ പുറത്തിറക്കുന്നു
‘ആപ്പിളിന് 2027 ഒരു അദ്ഭുത വര്‍ഷമായിരിക്കുമെന്ന്’ ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. ആദ്യ ഐഫോണ്‍ പുറത്തിറക്കിയതിന്റെ 20-ാം വാര്‍ഷികത്തിൽ ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഫോണ്‍ കമ്പനി പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. വര്‍ഷാവര്‍ഷം വലിയ ഇവന്റുകൾ അരങ്ങേറുമെങ്കിലും നാമമാത്രമായ മാറ്റങ്ങളുമായി പുതിയ തലമുറ ഐഫോണുകള്‍ പുറത്തിറക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത് എന്ന ആരോപണം കുറച്ചുകാലമായി ആപ്പിളിന്റെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. അത്തരക്കാര്‍ക്കും തക്ക മറുപടി നല്‍കാനായി 2027ല്‍ സംഭവിക്കാന്‍ പോകുന്നത് ഒരു ”പ്രൊഡക്ട് റിനയസന്‍സ്” ആയിരിക്കും എന്നാണ് ഗുര്‍മന്‍ പറയുന്നത്. ഏറെ ഭാഗവും ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചതും, കേര്‍വ്ഡും (വളവുള്ളതുമായ) ഒരു ഐഫോണ്‍ ആണ് ആപ്പിള്‍ നിര്‍മിച്ചുവരുന്നത് എന്നാണ് അവകാശവാദം. ഈ സവിശേഷ ഫോണിന്റെ ഡിസ്‌പ്ലെയില്‍ നോച്ച് ഉണ്ടാകുകയുമില്ലത്രെ. ഇതിനു പുറമെ പുതുമയുള്ള മറ്റ് ഉപകരണങ്ങളും കമ്പനി നിര്‍മ്മിച്ചു വരികയാണ് എന്നും ഗുര്‍മന്‍ അവകാശപ്പെടുന്നു.
ആപ്പിള്‍ കമ്പനി പുറത്തിറക്കിയേക്കാവുന്ന ഉപകരണങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസിക്കാവുന്ന വിവരങ്ങള്‍ പുറത്തുവിടുന്ന ആളായാണ് ഗുര്‍മന്‍ ആണ് അറിയപ്പെടുന്നത് . ഐഫോണ്‍ എക്‌സ് (ടെന്‍) പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികവുമാണ് 2027, തന്റെ പവര്‍ ഓണ്‍ ന്യൂസ് ലെറ്ററില്‍ ഗുര്‍മാന്‍ പറയുന്നു.
ജൂണ്‍ 29, 2007, ഐഫോൺ അവതരിച്ച വർഷം
ജൂണ്‍ 29, 2007ല്‍ ആണ് ആദ്യ ഐഫോണ്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പരിചയപ്പെടുത്തിയത്. ഇതിന് 3.5-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവതരണ സമയത്ത് 4ജിബി, 8ജിബി സംഭരണശേഷിയുള്ള രണ്ടു വേരിയന്റുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, ഫെബ്രുവരി 2008ല്‍ 16ജബി സംഭരണശേഷിയുള്ള ഒരു വേരിയന്റും പുറത്തിറക്കി. ലോക ചരിത്രം തന്നെ വഴിമാറിയ ഉപകരണങ്ങളിലൊന്നായി കരുതപ്പെടുന്ന, ഒറിജിനല്‍ ഐഫോണിന് 2എംപി പിന്‍ ക്യാമറയായിരുന്നു ഉണ്ടായിരുന്നത്.
ആദ്യ ഐഫോണിന്റെ 20-ാം വാര്‍ഷികത്തില്‍ സവിശേഷമായ എന്തെങ്കിലും ആപ്പിള്‍ പുറത്തിറക്കുമെന്നു തന്നെയാണ് പൊതുവെ ആപ്പിള്‍ ഫാന്‍സും കരുതുന്നത്. 2027ല്‍ പരിചയപ്പെടുത്തുമെന്ന് ഗുര്‍മാന്‍ പറയുന്ന തരത്തിലുളള ഒരു ഫോണിന്റെ കണ്‍സെപ്റ്റ് ചിത്രങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചാരം നേടി തുടങ്ങി.
സാധാരണ ഫോണിന്റെ പിന്‍ പ്രതലത്തില്‍ ക്യാമറാ സിസ്റ്റം ഉണ്ടെന്നത് ഒഴിച്ചാല്‍ ഇടം മുഴുവന്‍ പാഴാക്കിയിരിക്കുകയാണ്. ഇവിടെയും ഡിസ്‌പ്ലെ കൊണ്ടുവന്നു കഴിഞ്ഞാല്‍ ഫോണിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാതെ സ്‌ക്രീന്‍ സൈസ് ഇരട്ടിയോളമാക്കായായേക്കും. മുന്നിലും പിന്നിലും പാര്‍ശ്വങ്ങളിലും ഉള്ള ‘തുടര്‍ച്ചയായ ഡിസ്‌പ്ലെ’ എന്ന ഈ ആശയം പ്രായോഗികമാക്കാനായിരിക്കാം കമ്പനി ശ്രമിക്കുന്നത്. ഒരു പക്ഷെ, പ്രധാന ഡിസ്‌പ്ലെയുടെയത്ര മികവാര്‍ന്ന സ്‌ക്രീന്‍ അല്ല എങ്കിലും ഫോണ്‍കോള്‍ നടത്താന്‍ കോള്‍ അടക്കം പല കാര്യങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്താം. സെല്‍ഫികള്‍ക്ക് പ്രധാന ക്യാമറാ സിസ്റ്റം തന്നെ ഉപയോഗിക്കാം. ഒരു ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയേക്കാം.
പിന്നില്‍, നിലവാരം കുറഞ്ഞ സ്‌ക്രീന്‍ ഉള്‍ക്കൊള്ളിക്കുന്നതിനു പകരം ഒറ്റ ഗ്ലാസ് സ്ലാബില്‍ തീര്‍ത്ത ഫോണ്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കമ്പനി ശ്രമിച്ചേക്കാം എന്ന വാദവും ശക്തമാണ്. അത്തരം ഒരു ഉപകരണത്തിനു വേണ്ടിയുള്ള പേറ്റന്റ് കമ്പനി നല്‍കിയിട്ടുണ്ട് എന്ന കാര്യമാണ് ഈ വാദമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ശ്വങ്ങളിലും ടച്‌സ്‌ക്രീന്‍ ബട്ടണുകള്‍ കാണാമായിരിക്കും. ഇങ്ങനെ ഒരു ഉപകരണത്തെക്കുറിച്ച് ആപ്പിളിന്റെ മിക്ക പ്രധാന പ്രൊഡക്ടുകളുടെയും ഡിസൈനര്‍ ആയിരുന്ന ജോണി ഐവ് 2016ല്‍ സംസാരിച്ചിട്ടുണ്ട്.
ഐഫോണ്‍ 17 സീരിസിനും പ്രത്യേകത
ഈ വര്‍ഷം പുറത്തിറക്കുമെന്നു കരുതുന്ന ഐഫോണ്‍ 17 സീരിസിനും ഉണ്ടായിരിക്കും സവിശേഷത. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു ദീര്‍ഘചതുരാകൃതിയിലുള്ള ബാര്‍ ആയിരിക്കും പിന്‍ക്യാമറാ സിസ്റ്റത്തിന് ഇരിക്കാന്‍ നല്‍കുകയത്രെ.
ഈ സവിശേഷ 20-ാം വാര്‍ഷിക ഫോണിനു പുറമെയാണ് ആപ്പിള്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണും നിര്‍മ്മിക്കുന്നത്. സാംസങ്, വാവെയ്, മോട്ടറോള തുടങ്ങിയ കമ്പനികളാണ് ഇതുവരെ മികച്ച ഫോള്‍ഡബിള്‍ ഫോണുകള്‍ പറത്തിറക്കിയരിക്കുന്നത്.
പദ്ധതികള്‍ പാളിയില്ലെങ്കില്‍
ആപ്പിള്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന പദ്ധതികള്‍ പാളിയില്ലെങ്കില്‍ 2027ല്‍ പുതിയ രീതിയില്‍ നിര്‍മ്മിച്ചെടുത്ത ഐഫോണ്‍ അടക്കം ഒരു പറ്റം നൂതന ഉപകരണങ്ങള്‍ തന്നെ കമ്പനി പുറത്തിറക്കുമെന്നാണ് ഗുര്‍മന്‍ അവകാശപ്പെടുന്നത്.
ഫോള്‍ഡബിള്‍ ഫോണ്‍ വ്യത്യസ്തമാകുന്നത് എങ്ങനെ?
രണ്ടു ഡിസ്‌പ്ലേകള്‍ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളുടെ പ്രധാന പ്രശ്‌നം ഇരു ഡിസ്‌പ്ലെകളും തമ്മില്‍ യോജിപ്പിക്കുന്ന ഹിൻജിൽ കാലക്രമത്തില്‍ വന്നുപെടുന്ന ചുളിവുകളാണ്. എന്നാല്‍ ആപ്പിളിന്റെ മടക്കാവുന്ന ഫോണില്‍ ഇത് മിക്കവാറും അദൃശ്യമായിരിക്കും എന്നാണ്.
എആര്‍ ഗ്ലാസസ്
മെറ്റാ കമ്പനിയുടെ റേ-ബാന്‍ ഗ്ലാസസ്, ഗൂഗിള്‍ ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്ന ഗ്ലാസസ് തുടങ്ങിയ ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടകളോട് മത്സരിക്കാന്‍ ആപ്പിള്‍ പുറത്തിറക്കുന്ന കണ്ണടയും 2027ല്‍ പരിചയപ്പെടത്തിയേക്കും എന്നാണ് ഗുര്‍മന്റെ കണക്കുകൂട്ടല്‍.
മറ്റ് ഉപകരണങ്ങള്‍
ഇത്തരത്തില്‍ ഇതുവരെ ആപ്പിള്‍ ഉപകരണ ഉപയോക്താക്കള്‍ പരിചയച്ചിട്ടില്ലാത്ത തരത്തിലുളള മറ്റ് ഡിവൈസുകളും കമ്പനി നിര്‍മ്മിച്ചുവരുന്നുണ്ടെന്നാണ് ഗുര്‍മന്‍ പറയുന്നത്. അതിലൊന്ന് ഫോള്‍ഡബിള്‍ ഐപാഡ് ആണ്. മറ്റൊന്ന്, ടച്‌സ്‌ക്രീന്‍ ഉള്ള മാക്ക്. എന്നാല്‍ ഇവ രണ്ടും 2028ന് മുമ്പ് പുറത്തിറക്കിയേക്കില്ലെന്നാണ് ഗുര്‍മന്റെ അനുമാനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)