
സ്പോൺസർ ഇല്ലാതെ യുഎഇയിൽ ജോലി ചെയ്യാം, ചെറിയ കമ്പനികൾക്ക് റിമോട്ട് വർക്ക് വീസ നേട്ടമാകും
യുഎഇയിൽ റിമോട്ട് വർക്ക് വീസ (വിദൂര ജോലി) ലഭിക്കാൻ കുറഞ്ഞത് 3500 ഡോളർ വരുമാനം ഉണ്ടായിരിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്നതാണ് റിമോട്ട് വർക്ക് വീസ. ഒരു വർഷ കാലാവധിയുള്ള വീസ തുല്യകാലയളവിലേക്ക് പുതുക്കാം. നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നവർക്ക് പ്രാദേശിക സ്പോൺസർ ഇല്ലാതെ റിമോട്ട് വർക്ക് വീസയിൽ യുഎഇയിൽ താമസിച്ചു ജോലി ചെയ്യാം.യുഎഇക്ക് പുറത്തുള്ള കമ്പനിയിലോ സ്ഥാപനത്തിലോ വിദൂര ജോലിയുടെ തെളിവ്, കുറഞ്ഞത് 3,500 ഡോളർ (തത്തുല്യ കറൻസി) വരുമാനത്തിന്റെ തെളിവ്, കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, യുഎഇയിൽ ചികിത്സ ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ആവശ്യമായ രേഖകൾ.ഐസിപി വെബ്സൈറ്റ് വഴിയോ യുഎഇ ഐസിപി മൊബൈൽ ആപ് വഴിയോ മറ്റു സ്മാർട്ട് സേവന സംവിധാനം വഴിയോ അപേക്ഷിക്കാം. വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ റജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് വിശദാംശങ്ങൾ പൂരിപ്പിച്ചു രേഖകൾ സഹിതം മതിയായ ഫീസ് അടച്ച് സമർപ്പിച്ചാൽ വീസ ഇമെയിൽ വഴി ലഭിക്കും. വീസ അനുവദിച്ച് 60 ദിവസത്തിനകം യുഎഇയിൽ പ്രവേശിക്കണം. ഫീസ് 350 ദിർഹം. ഭാവിയിൽ വൈദഗ്ധ്യമുള്ളവരുടെ കേന്ദ്രമായി യുഎഇ മാറാൻ ഇതു വഴിയൊരുക്കുമെന്നാണ് കണക്കുക്കൂട്ടൽ. ഇതിനായി വിവിധ രാജ്യങ്ങളിലെ കമ്പനി ജീവനക്കാർക്കു ജോലി ചെയ്യാവുന്ന വിധം സർവ സജ്ജീകരണങ്ങളോടെയുള്ള സ്ഥലം ലഭ്യമാക്കും.
അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകളിൽ ഇത്തരം സൗകര്യമൊരുക്കും. ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികൾക്കു വൻതുക മുടക്കി സ്വന്തം പേരിൽ ഓഫിസോ മറ്റോ തുടങ്ങുന്നതിനു പകരം ഈ സൗകര്യം പ്രയോജനപ്പെടുത്താം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)