
ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന മകൻ
കണ്ണൂർ ∙ മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. സംഭവസമയത്ത് ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ഭർത്താവിന്റെ വീട്ടിലും മകൻ ഭാര്യവീട്ടിലും പോയിരുന്നു. ഉച്ചയായിട്ടും വീട് തുറക്കാത്തതിനാൽ അയൽവാസികൾ മകൻ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മട്ടന്നൂർ എസ്ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽനിന്ന് ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
വിദേശത്തായിരുന്ന ബാബു പത്തു വർഷം മുൻപാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാർ പറഞ്ഞു. ജിബിഷയാണ് മകൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)