
വിശന്നിട്ട് കടിച്ചുപോയതാ സാറേ! പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത് ജാമ്യത്തിൽ വിട്ടു
പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത ജാമ്യത്തിൽ വിട്ടയച്ച സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തായ്ലൻഡിലെ ബാങ്കോക്കിൽ മേയ് ഒമ്പതിന് നടന്ന സംഭവമാണിത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തിൽപ്പെട്ട പൂച്ചയാണ് കഥയിലെ നായിക. ബാങ്കോക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഡാ പരിൻഡ പകീസുക് ആണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചത്. ഉടമയിൽ നിന്ന് നഷ്ടപ്പെട്ട പൂച്ചയെ ഒരാൾക്ക് ലഭിക്കുകയും ഇതിനെ ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ഉടമയെ കണ്ടെത്തുന്നതിനായാണ് പൂച്ചയെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. എന്നാൽ പൂച്ച, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാന്തുകയും കടിക്കുകയുമാണ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പൂച്ചയെ കസ്റ്റഡിയിലെടുത്തു. ഈ പോസ്റ്റ് ഇതിൻറെ ഉടമയിലേക്ക് എത്തിക്കണമെന്നും ഉടമ എത്തിയാൽ ജാമ്യത്തിൽ വിടാമെന്നും പകീസുക് കുറിച്ചു. പകീസുകിൻറെ കുറിപ്പും ഒപ്പമുള്ള പൂച്ചയുടെ ചിത്രവും വളരെ വേഗം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേർ ഇതിന് കമൻറുകളുമായെത്തി.
പലരും പൂച്ചയെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഇതിൻറെ യഥാർത്ഥ ഉടമയെ കണ്ടെത്താനാണ് ശ്രമമെന്ന് പകീസുക് വ്യക്തമാക്കി. പോസ്റ്റ് പങ്കുവെച്ച് പിറ്റേന്ന് പൂച്ചയുടെ യഥാർത്ഥ ഉടമ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ‘നുബ് താങ്’ എന്നാണ് പൂച്ചയുടെ പേര്. നുബ് താങ്ങിനെ ഏറ്റുവാങ്ങാൻ ഉടമ സ്റ്റേഷനിലെത്തിയതോടെ എല്ലാം ശുഭമമായി അവസാനിച്ചു. തുടർന്ന് പൂച്ചക്ക് അനുകൂലമായി പൊലീസ് റിപ്പോർട്ടിൽ ഇങ്ങനെ കുറിച്ചു- ‘എനിക്ക് വളരെയേറെ വിശന്നിരുന്നു, ആരെയും കടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല’! പൂച്ചയുടെ ആക്രമണവും തിരികെ ഉടമയുടെ അടുത്തെത്തിയതും ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)