
അത്താഴം ഉപേക്ഷിച്ചാൽ ഭാരം കുറയുമോ കൂടുമോ? അറിയാം
ശരീരഭാരം കുറയ്ക്കാൻ വേണ്ടി നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ലളിതമായ യുക്തിയാണ്. പക്ഷേ, രാത്രിയിലെ അത്താഴം ഉപേക്ഷിക്കുക എന്ന കുറുക്ക് വഴിയാണ് പലരും ഇതിനായി പ്രയോഗിക്കുക. എന്നാൽ ഇത്തരത്തിൽ അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇത് പെട്ടെന്നുള്ള ഫലം തരാമെങ്കിലും ഈ വഴി അത്ര സുസ്ഥിരമല്ലെന്നും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ഡോക്ടർമാർ പറയുന്നു.
രാത്രിയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുമെന്ന് ബംഗളൂരു ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് മേധാവി ഡോ. കാർത്തികൈ സെൽവി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇത് ശരീരത്തിന് വിറയലും സമ്മർദ്ദവും ഉണ്ടാക്കാം. മാത്രമല്ല വിശക്കുമ്പോൾ ശരീരത്തിലെ കോർട്ടിസോള് ഉത്പാദനവും വർധിക്കും. ഇത് ശരീരത്തിന്റെ ചയാപചയവും മെല്ലെയാക്കും. ഇനി ഭക്ഷണം കിട്ടാൻ സാധ്യതയില്ലെന്ന് കരുതുന്ന ശരീരം കൊഴുപ്പ് ശേഖരിക്കുന്ന മോഡിലേക്ക് മാറുകയും ചെയ്യും. ഫലത്തിൽ ഭാരം കുറയ്ക്കാനായി ചെയ്ത കാര്യം ഭാരവർധനവിലേക്കും ശരീരത്തിലെ കൊഴുപ്പ് ശേഖരണത്തിലേക്കും നയിക്കുമെന്ന് ഡോ. സെൽവി ചൂണ്ടിക്കാട്ടി.
രാത്രിയിൽ ഭക്ഷണം ഉപേക്ഷിക്കുന്നത് പിന്നീട് ഭക്ഷണം വാരിവലിച്ച് കഴിക്കാനും ഇടയാക്കാം. അത്താഴം കഴിക്കാത്തത് മൂലം ഊർജ്ജത്തിന്റെ തോതിൽ ഉണ്ടാകുന്ന കുറവ് മൂഡിനെയും ബാധിക്കാം. കുട്ടികൾ, കൗമാരപ്രായക്കാർ, കായികതാരങ്ങൾ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹ ബാധിതർ, ഭക്ഷണം കഴിക്കുന്നതിൽ തകരാറുകൾ ഉള്ളവർ, വിഷാദരോഗികൾ തുടങ്ങിയവർ ഒരു കാരണവശാലും അത്താഴം മുടക്കരുതെന്നും ഡോ. സെൽവി കൂട്ടിച്ചേർക്കുന്നു. അത്താഴം പരിപൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, അത് ലഘുവായ തോതിൽ നേരത്തെ തന്നെ കഴിക്കാവുന്നതാണ്. കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. അത്താഴവും പ്രഭാതഭക്ഷണവും തമ്മിൽ 10 മണിക്കൂറിന്റെ ഇടവേള ഉണ്ടാകണം.
ഉറക്കവും അത്താഴവും തമ്മിൽ മൂന്നു മണിക്കൂറിന്റെ ഇടവേള സൂക്ഷിക്കുന്നത് ദഹനത്തിനും ഭാര നിയന്ത്രണത്തിനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. നേരെ തിരിച്ചു വൈകി അത്താഴം കഴിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, ആസിഡ് റീഫ്ലക്സ്, ഓക്കാനം തുടങ്ങിയ പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തെ ബാധിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. അത്താഴം എന്നല്ല ഏതു നേരത്തെ ഭക്ഷണവും ഒഴിവാക്കുന്നത് അത്ര നല്ല ആശയമല്ലെന്ന് ഡോ. സെൽവി ഓർമിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ചയാപചയത്തിന്റെ വേഗം കുറയ്ക്കുകയും ഹൃദ്രോഗം ഉൾപ്പെടെയുള്ള സങ്കീർണ്ണതകളിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കൃത്യ സമയത്ത് പരിമിതമായ തോതിൽ കഴിക്കുന്നതാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)