
310 കോടിയിലേറെ രൂപ! റെക്കോർഡ് സമ്മാനത്തുകയുമായി ഫിഫ അറബ് കപ്പ് 2025
ദോഹ: 2025 ഡിസംബറിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടൂർണമെന്റ് ജേതാക്കൾക്കുള്ള സമ്മാനത്തുകയായി റെക്കോർഡ് തുകയാണ് ഖത്തർ പ്രഖ്യാപിച്ചത്. 13.29 കോടി റിയാൽ (36.5 മില്യൺ യുഎസ് ഡോളർ) ആണ് ഇത്തവണ ടൂർണമെന്റിന്റെ സമ്മാനത്തുക. ഏകദേശം 310 കോടിയിലേറെ ഇന്ത്യൻ രൂപ വരുമിത്. 2021ൽ ഖത്തറിൽ നടന്ന പ്രഥമ ഫിഫ അറബ് കപ്പിന്‍റെ സമ്മാനത്തുക ഏകദേശം 200 കോടി രൂപയായിരുന്നു. മേഖലയിലും ആഗോള തലത്തിലുമുള്ള ഫുട്ബോളിന്റെ വികസനത്തിൽ ഖത്തർ വഹിക്കുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് ഖത്തർ കായിക, യുവജന മന്ത്രിയും ഫിഫ അറബ് കപ്പ് പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി പറഞ്ഞു. ഫിഫ അറബ് കപ്പ് 2025, ഡിസംബർ 1 മുതൽ 18 വരെ നടക്കും. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18നാണ് ഫൈനൽ. അറബ് ലോകത്തെ ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരയ്ക്കും. ഫിഫ റാങ്കിങ് പ്രകാരം മുൻനിരയിലുള്ള ഒമ്പത് ടീമുകൾ നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള ഏഴ് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തും. ടൂർണമെന്റ് ഷെഡ്യൂൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് മേയ് 25-ന് ദോഹയിൽ നടക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)