
ഖത്തറില്‍ 47 ഡിഗ്രിവരെ താപനില ഉയർന്നു; വരുംദിവസങ്ങളിൽ ഹുമിഡിറ്റിയും ഉയരും
ദോഹ: ജൂൺ പിറക്കും മുന്നേ കനത്ത ചൂടിൽ ചുട്ടുപൊള്ളി ഖത്തർ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പകൽ സമയങ്ങളിൽ ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്.
മേയ് ആദ്യവാരം കാറ്റും പൊടിക്കാറ്റുമായി കാലാവസ്ഥാ മാറ്റം പ്രകടമായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അപ്രതീക്ഷിതമായിത്തന്നെ ചൂടുയർന്നു. ചൊവ്വാഴ്ച പകൽ സമയങ്ങളിൽ രാജ്യത്ത് 47 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നു. ഖത്തർ യൂനിവേഴ്സിറ്റിയിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. തുറയ്ന, മിസൈമീർ എന്നിവടങ്ങളിൽ 46 ഡിഗ്രി, ദോഹ എയർപോർട്ട്, മികൈനീസ് മേഖലകളിൽ 45 ഡിഗ്രിയിലുമെത്തി.
ബുധനാഴ്ചയും താപനില അതേനിലയിൽതന്നെ തുടർന്നു. 46 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും കൂടിയ താപനില. മികൈനീസ്, തുറയ്ന പ്രദേശങ്ങളിൽ കൂടിയ താപനില രേഖപ്പെടുത്തി. ദോഹയിൽ 42-43 ഡിഗ്രി വരെ ഉയർന്നു.
സാധാരണ ജൂൺ പിറക്കുന്നതോടെയാണ് രാജ്യത്തെ താപനില ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നത്. എന്നാൽ, ഇത്തവണ 10 ദിവസം മുമ്പുതന്നെ ചുട്ടുപൊള്ളുന്ന ചൂടിലേക്ക് എത്തിപ്പെട്ടതിന്റെ ആശങ്ക പങ്കുവെക്കുകയാണ് പ്രവാസികൾ. വരുംദിവസങ്ങളിൽ ചൂടിനൊപ്പം ഹുമിഡിറ്റിയും വർധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വെള്ളി, ശനി വരാന്ത്യ ദിവസങ്ങളിൽ ചൂടിന് കാഠിന്യം കൂടുമെന്നും അറിയിച്ചു.
Comments (0)