Posted By user Posted On

നിലവിളി, ആശങ്കയുടെ നിമിഷങ്ങൾ; ആകാശച്ചുഴിയിൽപെട്ട് ഇൻഡിഗോ വിമാനം, ഒടുവിൽ സുരക്ഷിത ലാൻഡിംഗ്

ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു. വിമാനം അടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്‌തു. വൈകുന്നേരം യാത്രയ്ക്കിടയിൽ ആകാശത്തിൽ വച്ചുണ്ടായ പ്രതിസന്ധിയിൽ യാത്രക്കാർ ഒന്നാകെ വിറങ്ങലിച്ചു പോവുകയായിരുന്നു. എന്നാൽ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം വിമാനത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നു. 227 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നാലെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാന്‍ഡിംഗിനുള്ള അറിയിപ്പ് നല്‍കുകയായിരുന്നു.

വിമാനം ശക്തമായി കുലുങ്ങിയതോടെ യാത്രക്കാര്‍ ഉച്ചത്തിൽ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മിനിറ്റുകൾ നീണ്ട പരിഭ്രാന്തിക്ക് ഒടുവിൽ വിമാനം ശ്രീനഗറിൽ ലാൻഡ് ചെയ്‌തതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ എയർലൈൻ അതിനെ “എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട്” ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ വിമാനം അടിയന്തര അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

ശ്രീനഗറിലേക്ക് പോവുകയായിരുന്ന 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നുള്ള പ്രക്ഷുബ്‌ധതയില്‍ അകപ്പെട്ടതോടെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. ഇതിന് പുറമേ പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവര്‍ഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചത്.

‘വിമാനവും ക്യാബിൻ ക്രൂവും സ്ഥാപിത പ്രോട്ടോക്കോൾ പാലിച്ചു, വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനം ലാൻഡ് ചെയ്‌തതിനുശേഷം വിമാനത്താവളത്തിലെ ജീവനക്കാർ ഉപഭോക്താക്കളുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകി അവരെ പരിചരിച്ചു. ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും ശേഷം വിമാനം വിട്ടയക്കും’ എന്നാണ് ഇൻഡിഗോ അറിയിച്ചത്.

ഇന്ന് വൈകുന്നേരം ഡൽഹി-എൻ‌സി‌ആറിൽ കനത്ത മഴയോടുകൂടിയ പെട്ടെന്നുള്ള ആലിപ്പഴം വർഷം ഉണ്ടായതോടെ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടായിരുന്നു. ഹരിയാനയിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെയാണ് വിമാനത്തിനും ആകാശച്ചുഴിയിൽപെട്ടത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *