
ഖത്തർ യൂറോപ്പിനെ വിലയ്ക്ക് വാങ്ങുന്നു: കേരളത്തേക്കാള്‍ ചെറിയ രാജ്യം; പക്ഷെ ഇത് എങ്ങനെ സാധ്യമാകുന്നു
യുകെയിലെ കാലാവസ്ഥാ സാങ്കേതിക വിദ്യയില്‍ 1 ബില്യൺ പൗണ്ട് (1.3 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന വാർത്ത കഴിഞ്ഞ മാസമാണ് പുറത്ത് വരുന്നത്. മറ്റ് പല മേഖലകളിലും യുകെയില്‍ വലിയ തോതിലുള്ള ഖത്തറിന്റെ ലക്ഷം 2027 ഓടെ ബ്രിട്ടണില്‍ മാത്രം 2000 കോടിയോളം പൗണ്ടിന്റെ നിക്ഷേപം എന്നതാണ്. നിലവിൽ ബ്രിട്ടനിൽ ഖത്തറിന് 40 ബില്യൺ പൗണ്ടിന്റെ നിക്ഷേപമാണുള്ളത്. രണ്ട് വർഷത്തിനകം 19.5 ബില്യൺ പൗണ്ട് കൂടി നിക്ഷേപിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുകെയില്‍ മാത്രമല്ല ഫ്രാന്‍സ്, ജർമ്മനി തുടങ്ങിയ മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും വന്‍ നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഖത്തർ യൂറോപ്പിനെ വിലകൊടുത്ത് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി കേരളത്തേക്കാളും ചെറിയൊരു രാജ്യമാണെങ്കിലും ഇന്ന്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോക്ക് മാർക്കറ്റുകള്‍, ഏറ്റവും വലിയ ഓട്ടോമോട്ടീവ് കമ്പനികള്‍, പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം ഖത്തറിന് നിർണ്ണായക ഓഹരികളാണുള്ളത്.
ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ മറ്റ് അറബ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണെങ്കിലും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽ എൻ ജി) കണ്ടുപിടുത്തമാണ് ഖത്തറിന്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായത്. 1971 കളില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ തീരത്തായി കണ്ടെത്തിയ ദ്രവീകൃത പ്രകൃതിവാതക ശേഖരം അന്നുവരേ ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ ശേഖരമായിരുന്നു.
1971 കളില്‍ ദ്രവീകൃത പ്രകൃതിവാതകം കണ്ടെത്തിയെങ്കിലും തുടക്കത്തില്‍ ഏഷ്യയിലെ ഇന്ത്യയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു കയറ്റുമതി. എന്നാല്‍ 1990 കളില്‍ ഖത്തറില്‍ നിന്നും വലിയ തോതില്‍ പ്രകൃതിവാതകം കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ എല്‍ എന്‍ ജി ഉല്പാദകരാണ് ഖത്തർ. യൂറോപ്പിലേക്കുള്ള ഏറ്റവും വലിയ എൽഎൻജി വിതരണക്കാരൻ എന്ന നിലയിൽ, പോളണ്ട്, ബെൽജിയം, ഇറ്റലി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ എൽഎൻജി ഇറക്കുമതിയിൽ ഖത്തറിന്റെ പങ്ക് 45% മുതൽ 67% വരെയാണ്.
2012 ല്‍ അമേരിക്കയുടെ പ്രകൃതിവാതക നിർമ്മാണം റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന് ഖത്തറിന് താല്‍ക്കാലികമായി തിരിച്ചടിയായിരുന്നു. 2013-14 കാലയളവിന് ശേഷം അമേരിക്ക ഖത്തറില്‍ നിന്നും എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്നത് പൂർണ്ണമായി നിർത്തുകയും ചെയ്തു. ഒടുവില്‍ 2024 ആയപ്പോഴേക്കും ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതിക്കാരായി മാറി.
അമേരിക്കയില്‍ നിന്ന് മാത്രമല്ല, ഓസ്ട്രേലിയയും ഈ സമയത്ത് ഖത്തറിന്റെ എല്‍ എന്‍ ജിക്ക് വലിയ വെല്ലുവിളി ഉയർത്തി. എന്നാല്‍ 2022 ല്‍ പൊട്ടിപ്പുറപ്പെട്ട റഷ്യ-യുക്രൈന് സംഘർഷം ഒരു തരത്തില്‍ ഖത്തറിന് വലിയ അനുഗ്രഹമായി മാറി. റഷ്യയില്‍ നിന്നും എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്നത് തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് നിർദേശം നല്കി. ഇതോടെ റഷ്യന്‍ ഇറക്കുമതി വലിയ തോതില്‍ കുറയുകയും മറുവശത്ത് ഖത്തറില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കുകയും ചെയ്തു.
യുക്രൈന് അധിനിവേശത്തിന് പിന്നാലെ യൂറോപ്പിലേക്കുള്ള ഖത്തറിന്റെ എണ്ണ കയറ്റുമതിയില്‍ മൂന്നിരിട്ടിയായി വർധിച്ചു. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഖത്തർ വന്‍തോതില്‍ നിക്ഷേപം നടത്താനും ആരംഭിക്കുന്നത്. യൂറോപ്പില്‍ നിന്നും എണ്ണ ഇടപാടില്‍ ലഭിച്ച വരുമാനം ഖത്തർ യുകെ, ജർമ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു.
ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വഴിയും നേരിട്ടും അല്ലാതെയുമെല്ലാം നിക്ഷേപം നടക്കുന്നുണ്ട്. ഉദാഹരണത്തിന് ലണ്ടനിലെ തന്നെ മുന്‍നിര ഫൈവ് സ്റ്റാർ ഹോട്ടലായ റിറ്റ്സ് ഹോട്ടല്‍ വാങ്ങിയിരിക്കുന്നത് ഒരു ഖത്തറുകാരനാണ്. അതുകൂടാതെ ലണ്ടനിലെ ഫാഷന്‍ രംഗത്ത് പ്രമുഖരായ ഹരോള്‍സ്, ലണ്ടനിലെ തന്നെ പ്രമുഖ ബിസിനസ് ഡിസ്ട്രിക്ട് ആയ കനേരി വാർഫ് തുടങ്ങിയവ ഇപ്പോഴുള്ളത് ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലാണ്.
ഖത്തർ നാഷണല്‍ ബാങ്ക്, ക്യൂ ഇന്‍വെസ്റ്റ്മെന്റ്, ഖത്തറി ഇസ്ലാമിക് ബാങ്ക്, ബർവ റിയല്‍ എസ്റ്റേറ്റ് എന്നിവർ ചേർന്നാണ് ദ ഷാഡ് എന്ന് അറിയപ്പെടുന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയി ബില്‍ഡിങ് നിർമ്മിച്ചിരിക്കുന്നത്. അത് മാത്രമല്ല ലണ്ടന്‍ ഒളിംപിക്സ് വില്ലേജ് സ്ഥിതി ചെയ്യുന്നതാകട്ടെ ഖത്തറി ഡയർ എന്ന ഖത്തർ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ കീഴിലും. ബ്രീട്ടീഷ് എയർവേഴ്സിലും ലണ്ടന്‍ സ്റ്റോക്ക് മാർക്കറ്റിലും ഖത്തറിന് വലിയ തോതില്‍ നിക്ഷേപമുണ്ട്.
യുകെയില്‍ വീട് വാങ്ങുന്ന ഖത്തറുകാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഖത്തർ സർക്കാറിനെ മാത്രം പരിഗണിക്കുകയാണെങ്കില്‍ യുകെയിലെ ഏറ്റവും വലിയ പത്താമത്തെ ഭൂ ഉടമയാണ് ഇന്ന് അവർ. അതുകൊണ്ട് തന്നെയാണ് യുകെയെ ഖത്തർ വില കൊടുത്ത് വാങ്ങുന്നതെന്ന് പറയുന്നത്.
കായിക രംഗത്തേക്ക് വരികയാണെങ്കില്‍ പി എസ് ജിയുടെ ഉടമസ്ഥർ ഖത്തറാണ്. 2011 ലാണ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിലുള്ള ഖത്തർ രാജകുടുംബത്തിന്റെ സാമ്പത്തിക ഗ്രൂപ്പ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് (ക്യുഎസ്ഐ) പിഎസ്ജി വാങ്ങുന്നത്. പോർച്ചുഗീസ് ക്ലബ്ബായ എസ് സി ബ്രാഗയുടെ 22 ശതമാനം ഓഹരിയും ഖത്തറിന്റെ കൈകളിലാണ്.
യുകെ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ജർമ്മനി തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഖത്തർ മൂലധനം ആകർഷിക്കാൻ മത്സരിക്കുന്നതായും ഊർജ്ജ മേഖലയിൽ ഖത്തറുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായുള്ള റിപ്പോർട്ടുള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. യൂറോപ്യൻ യൂണിയൻ തന്നെ ഖത്തറുമായുള്ള സഹകരണം ഒരു തന്ത്രപരമായ പങ്കാളിത്തമായിട്ട് കാണുന്നു.
ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് 40-ലധികം രാജ്യങ്ങളിലായി 400 ബില്യൺ ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് 2022 ല്‍ പുറത്ത് വന്ന കണക്ക്. യുഎസിൽ 30 ബില്യൺ ഡോളറും, യുകെയിൽ 40 ബില്യൺ ഡോളറും, ജർമ്മനിയിൽ 25 ബില്യൺ യൂറോയും, ഫ്രാൻസിൽ 30 ബില്യൺ യൂറോയുമായിരുന്നു അന്നത്തെ നിക്ഷേപം. 10.3% ഓഹരിയുമായി ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും വലിയ ഓഹരി ഉടമയായും മാറിയിരിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)