
ദോഹ ഡയമണ്ട് ലീഗ് ഇന്ന്; നീരജ് ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും
ദോഹ: ലോകോത്തര അത്ലറ്റിക് താരങ്ങൾ മറ്റുരക്കുന്ന ദോഹ ഡയമണ്ട് ലീഗ് ഇന്ന് നടക്കും. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന അത്ലറ്റിക് പോരാട്ടത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്ര ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ മത്സരിക്കും. ജാവലിൻ ത്രോയിൽ ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജ് തുടർച്ചയായി മൂന്നാം തവണയാണ് ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കാനെത്തുന്നത്. 2023 ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ ദൂരം താണ്ടിയ നീരജ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, 2024ൽ 88.36 മീറ്റർ പ്രകടനത്തിലൂടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജാവലിൻ വിഭാഗത്തിൽ ചോപ്രയ്ക്കൊപ്പം കിഷോർ ജെനയും പങ്കെടുക്കും. പുരുഷ വിഭാഗം 5000 മീറ്ററിൽ മത്സരിക്കുന്ന ഗുൽവീർ സിങ്, വനിതാ 3000 സ്റ്റീപ്പിൾ ചേസ് താരം പാരുൾ ചൗധരി എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. നിലവിലെ ദേശീയ റെക്കോഡിന് ഉടമ കൂടിയാണ് പാരുൾ ചൗധരി.
ഈ വർഷത്തെ ഡയമണ്ട് ലീഗ് കലണ്ടറിലെ മൂന്നാമത്തെ വേദിയായ ദോഹയിൽ 45 ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കൾ ഉൾപ്പെടെ 128 ഉന്നത കായികതാരങ്ങൾ പങ്കെടുക്കും. മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായി, റെക്കോർഡ് തകർക്കുന്ന കായികതാരങ്ങൾക്ക് ഡയമണ്ട് ലീഗ് സീസണിലെ $9.24 മില്യൺ സമ്മാനത്തുകയ്ക്ക് പുറമേ $5,000 ബോണസ് തുകയും നൽകും.
രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നിലവിലെ ദോഹ ജേതാവ് ജാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ, മാക്സ് ഡെഹ്നിംഗ്, കെനിയയുടെ ജൂലിയസ് യെഗോ, ജപ്പാന്റെ റോഡറിക് ജെൻകി ഡീൻ തുടങ്ങിയ പ്രമുഖർ ദോഹയിൽ മത്സരിക്കും. സീസണിലെ ഡയമണ്ട് ലീഗിന്റെ മൂന്നാമത് മീറ്റാണ് ദോഹയിൽ നടക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി 15 ഇവന്റുകളാണ് ഡമയണ്ട് ലീഗിനുള്ളത്. ഏപ്രിൽ 26ന് സിയാമെനിൽ ആരംഭിച്ച ഡയമണ്ട് ലീഗ് ആഗസ്റ്റ് 27-28 ദിവസങ്ങളിൽ സൂറിച്ചിൽ നടക്കുന്ന ഫൈനലോടെ അവസാനിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)