Posted By user Posted On

അറബ് – യു.എസ് ഉച്ചകോടി, ഖത്തർ അമീർ റിയാദിലെത്തി, ഗാസയിലെ വെടിനിര്‍ത്തല്‍ ചർച്ചയായേക്കുമെന്ന് സൂചന

ദോഹ: യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി തലസ്ഥാനമായ റിയാദിലെത്തി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജിസിസി – യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരമാണ് ഖത്തർ അമീർ റിയാദിലെത്തിയത്തിത്.

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, റിയാദ് മേഖല മേയർ പ്രിൻസ് ഫൈസൽ ബിൻ അയ്യാഫ് അൽ സൗദ്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ, ഖത്തറിലെ സൗദി അറേബ്യയുടെ അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. അതേസമയം, സൗദി അറേബ്യ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറബ് – യു.എസ് ഉച്ചകോടിയില്‍ പങ്കെടുക്കും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഫലസ്തീന്‍, സിറിയന്‍ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *