
2500ലധികം ട്രക്ക് ലോഡ് മാലിന്യം, ഖത്തറിൽ ശുചീകരണ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് അൽ തുമാമയിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ട് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തുമാമയിലെ ഫരീജ് 50ൽ കെട്ടിടാവശിഷ്ടങ്ങളും നിർമാണ മാലിന്യങ്ങളും ഉൾപ്പെടെ 2500 ട്രക്ക് ലോഡ് മാലിന്യങ്ങളാണ് വിപുലമായ ദൗത്യത്തിലൂടെ നീക്കം ചെയ്തത്.പരിസ്ഥിതിയും ചുറ്റുപാടും ശുചിയായി സൂക്ഷിക്കുക, സുസ്ഥിര പരിസ്ഥിതി നിലനിർത്തുക, സുരക്ഷിത ജീവിതസാഹചര്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയുടെ നിർദേശ പ്രകാരം ശുചീകരണ കാമ്പയിൻ ആരംഭിച്ചത്. ഫീൽഡ് സർവേ, നിരീക്ഷണങ്ങൾ, മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ നടപ്പാക്കിയത്.
സർക്കാർ സംവിധാനങ്ങളും സ്വകാര്യമേഖലയും കൈകോർത്തതിന്റെ വിജയകരമായ മാതൃകയാണ് അൽ തുമാമയിലെ മാലിന്യനീക്കമെന്ന് ദോഹ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ എൻജി. മുഹമ്മദ് ഹസ്സൻ അൽ നുഐമി പറഞ്ഞു. മാലിന്യ നിർമാർജന ചട്ടങ്ങൾ പാലിക്കാൻ കരാറുകാരും നിർമാണ മേഖലയിലുള്ളവരും ശ്രമിക്കണമെന്നും നിയമ ലംഘകകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അൽ തുമാമയിലെ അൽ ഫുർജാൻ പാർക്ക് പദ്ധതി ഈ വർഷം മൂന്നാം പാദത്തിൽ നിർമാണം പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് താമസക്കാർക്കും കുടുംബങ്ങൾക്കും കൂടുതൽ പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനായി പാർക്കുകളുടെ നിർമാണം പുരോഗമിക്കുന്നത്. വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു നഗരത്തിനായി മാലിന്യ സംസ്കരണ നിയമങ്ങൾ ശരിയായ രീതിയിൽ പാലിക്കാൻ എല്ലാ ഡെവലപ്പർമാരോടും കോൺട്രാക്ടർമാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)