Posted By user Posted On

പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലേക്ക് മാറ്റാനുള്ള തീരുമാനം രാജ്യം നിരസിച്ചേക്കും

പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിന്റെ നടത്തിപ്പിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സുരക്ഷാ ആശങ്കകൾ മുന്നോട്ടുവെച്ചതായി പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്. പിഎസ്എല്ലിന് വേദിയാകാൻ യുഎഇ തയ്യാറാകാതിരുന്നാൽ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിഎസ്എല്ലുപോലുള്ള ഒരു ടൂർണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന ആശങ്ക യുഎഇ ബോർഡിനുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെച്ചുപുലർത്തുന്നത്. ഐപിഎൽ മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇ യിൽ വെച്ച് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ അറിയിച്ചിരുന്നത്. നേരത്തേ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാർ സൽമി കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തിൽ സ്റ്റേഡിയം തകർന്നതായി പിസിബി ചെയർമാൻ മുഹ്സിൻ നഖ്വി പറഞ്ഞിരുന്നു. യുഎഇയിലെ മത്സരങ്ങളുടെ സമയക്രമവും മറ്റ് വിവരങ്ങളും വൈകാതെ അറിയിക്കുമെന്നും പിസിബി വ്യക്തമാക്കിയിരുന്നു.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *