
ഖത്തറിലെ പൊതുജനങ്ങളുടെ പണമിടപാടിനുള്ള എളുപ്പവഴിയായി സെൻട്രൽ ബാങ്ക് അവതരിപ്പിച്ച ‘ഫൗറൻ’ ബിഗ് ഹിറ്റ്
ദോഹ: ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങളുടെ പണമിടപാടിനുള്ള എളുപ്പവഴിയായി സെൻട്രൽ ബാങ്ക് അവതരിപ്പിച്ച ‘ഫൗറൻ’ ബിഗ് ഹിറ്റ്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാവരും ഏറ്റെടുത്ത ഫൗറൻ ഓൺലൈൻ പേയ്മെന്റ് സിസ്റ്റം വഴി പൂർത്തിയായത് 1010 കോടി റിയാലിന്റെ 55 ലക്ഷം ഇടപാടുകൾ. 2024 മാർച്ചിൽ ഫൗറൻ അവതരിപ്പിച്ചത് മുതലുള്ള കണക്കുകൾ ഖത്തർ സെൻട്രൽ ബാങ്കാണ് പുറത്തുവിട്ടത്.
രാജ്യത്തെ തത്സമയ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴിയുള്ള ഫൗറൻ ആരംഭിച്ചത്. വളരെ വേഗത്തിൽ ജനകീയമായ ‘ഫൗറൻ’ സേവനം സ്വദേശികളും താമസക്കാരും ഒരുപോലെ ഉപയോഗപ്പെടുത്തിയെന്നാണ് വർധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത്. 28 ശതമാനമാണ് ഇടപാട് മൂല്യത്തിന്റെ ശരാശരി വളർച്ച നിരക്ക്. ഇടപാടുകളുടെ എണ്ണത്തിൽ ശരാശരി 31 ശതമാനം വർധനവുമുണ്ടായി.
27 ലക്ഷം വ്യക്തിഗത അക്കൗണ്ടുകളാണ് ഫൗറാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നു. രജിസ്റ്റർ ചെയ്ത കോർപറേറ്റ് അക്കൗണ്ടുകളുടെ എണ്ണം 99,000 ആയി. പണമിടപാട് സമയം കുറക്കുന്നതിലൂടെ രാജ്യത്തെ പേയ്മെന്റ് പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിൽ ഫൗറാൻ കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്. ഏത് സമയവും ഇടതടവില്ലാതെ പണമിടപാട് പൂർത്തിയാക്കാമെന്നതാണ് ഫൗറന്റെ മികവ്. ഒരു റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ ട്രാൻസ്ഫർ ചെയ്യാനും കഴിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)