യു.എ.ഇയിൽ ഗാർഹിക പീഡനം: ഗൃഹനാഥന് ആറുമാസം തടവുശിക്ഷ
ഗാർഹിക പീഡന പരാതിയിൽ പത്ത് കുട്ടികളുടെ പിതാവിന് ആറു മാസം തടവുശിക്ഷ വിധിച്ച് റാസൽഖൈമ കോടതി. ഭാര്യയെയും വീട്ടു ജോലിക്കാരിയെയും മർദിക്കുക, മക്കളെ അവഗണിക്കുക തുടങ്ങി ഒന്നിലേറെ കുറ്റകൃത്യങ്ങളാണ് പിതാവിനെതിരെ പൊലീസ് ചുമത്തിയത്.മദ്യപാനാസക്തിയാണ് പ്രതിയെ കുടുംബത്തിനെതിരെയുള്ള ഉപദ്രവങ്ങളിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. അക്രമാസക്തമായ പെരുമാറ്റം ഇയാളുടെ സർക്കാർ ജോലി നഷ്ടപ്പെടുന്നതിനും ഇടയാക്കി. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പ്രതിക്ക് മേലുള്ളത്. ഇതിൽ മൂന്ന് കേസുകളിൽ കോടതി വിധി പുറപ്പെടുവിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ സഖർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.ഭാര്യയെ ആക്രമിച്ചതിന് പുറമെ മക്കളെ അവഗണിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ദമ്പതികൾക്ക് രണ്ട് ജോടി ഇരട്ടകളുൾപ്പെടെ 10 കുട്ടികളുണ്ട്. കുട്ടികൾ പോഷകാഹാര കുറവുള്ളവരാണെന്നും അവഗണന മൂലം ശാരീരിക-മാനസികാഘാതമേറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ വൈദ്യുതി, ജലം, ഫർണിച്ചർ തുടങ്ങി അവശ്യ ജീവിത സാഹചര്യങ്ങളും പ്രതി ഒരുക്കിയിരുന്നില്ല. പീഡനം സ്ഥിരീകരിക്കുന്ന മെഡിക്കൽ തെളിവുകൾ പരിശോധിക്കുകയും ഇരകളുടെ മൊഴി രേഖപ്പെടുത്തിയുമാണ് നിയമ നടപടികൾ മുന്നോട്ടു പോയതെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പ്രതി മദ്യം കഴിക്കുന്നത് നിഷേധിച്ചെങ്കിലും തെളിവുകൾ എതിരായിരുന്നു. ഭാര്യയെ ആക്രമിച്ച കേസിൽ ആറു മാസം തടവും 10,000 ദിർഹം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.കുട്ടികളെ അവഗണിച്ചതിനും പീഡന കുറ്റം ഉൾപ്പെടെയുള്ള കേസുകളിലും കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇതുൾപ്പെടെയുള്ള മറ്റു കേസുകൾ പരിശോധിച്ചുവരുകയാണെന്ന് കോടതി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
		
		
		
		
		
Comments (0)