 
						ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ; രാജ്യമെങ്ങും ആഘോഷങ്ങൾ, അവധി ആഘോഷമാക്കി പ്രവാസികളും
ദോഹ: ഐക്യത്തിന്റെയും മഹത്തായ പാരമ്പര്യത്തിന്റെയും ഓർമപ്പെടുത്തലായും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയ്ക്ക് പ്രചോദനമായും ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ് ഖത്തർ. രാജ്യത്തുടനീളം വിവിധ പരിപാടികൾ ഇന്നും വരും ദിവസങ്ങളിലുമെല്ലാം അരങ്ങേറും. രണ്ട് ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമെ വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ഇത്തവണ നാല് ദിവസത്തെ അവധിയാണ് ദേശീയ ദിനത്തിൽ ലഭിക്കുക.രാജ്യത്തിന്റെ അഭിമാനവും സമ്പന്നമായ പാരമ്പര്യവും മുറുകെപ്പിടിക്കുമ്പോഴും ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങളിലെ ജനവിഭാഗങ്ങളുമായി കൈകോർത്തു പിടിച്ച് മുന്നേറുകയാണ് ഖത്തർ. പോയ കാലത്ത് രാജ്യത്തിന് വഴികാട്ടിയ മുൻഗാമികളുടെ കാലടികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായി ദേശീയ ദിനത്തെ ഖത്തർ ഉപയോഗപ്പെടുത്തുകയാണ്. സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം. ഒരാഴ്ച മുമ്പ് തന്നെ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. ഡിസംബർ 21 വരെയുള്ള ദിവസങ്ങളിൽ 104 സാംസ്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഇതിന് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെല്ലാം വിവിധ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
 
		 
		 
		 
		 
		
Comments (0)