ഇത് പ്രവാസികള്‍ക്ക് അനുഗ്രഹം: വോട്ടുയാത്ര ജോർ, കുറഞ്ഞ
നിരക്കുമായി എയര്‍ലെെൻ കമ്പനികള്‍
					ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വോട്ടുചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, നാട്ടിലെത്താൻ ഒരുങ്ങുന്ന പ്രവാസികൾക്ക് അനുഗ്രഹമായി എയർലൈൻ കമ്പനികളുടെ കുറഞ്ഞ നിരക്ക്. സാധാരണ, തിരക്കേറുന്ന സീസണുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കുമായി യാത്രക്കാരെ കൊള്ളയടിക്കുകയാണ് വിമാനകമ്പനികളുടെ പതിവ്. എന്നാല്‍ പ്രവാസികള്‍ക്ക് ഇതൊരു ആശ്വാസമാണെന്ന് വേണം കരുതാൻ. നേരത്തെ തെരഞ്ഞെടുപ്പുകളില്‍ ചാർട്ടർ വിമാനങ്ങൾ ബുക്ക് ചെയ്താണ് വോട്ടു വിമാനങ്ങൾ പറന്നിരുന്നത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് നിരക്ക് കുറഞ്ഞത് സൗകര്യമായെന്ന് പ്രവാസി സംഘടനാ പ്രവർത്തകർ പറയുന്നു. ചാർട്ടർ വിമാനത്തേക്കാൾ, കുറവാണ് റെഗുലർ യാത്രാ വിമാനങ്ങളിലെ നിരക്ക് എന്നതും പ്രവാസികള്‍ക്ക് കൂടുതല്‍ സീകാര്യമായി. എന്നാല്‍ മറ്റൊരു ആശങ്ക എന്നത് വോട്ടെടുപ്പിനു പിന്നാലെ തിരികെയുള്ള യാത്രക്ക് വിലയേറും എന്നതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നും പ്രവാസി വോട്ടർമാർ നാടുകളിലേക്ക് പറന്നു തുടങ്ങിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനത്തിലാണ് വോട്ടെടുപ്പ് എന്നതിനാൽ വ്യാഴാഴ്ചകളിലും കൂടുതൽ പേർ യാത്രക്കൊരുങ്ങുന്നു. 400 -600 റിയാലിലാണ് ദോഹ -കൊച്ചി സെക്ടറിലേക്ക് വ്യാഴാഴ്ചത്തെ ടിക്കറ്റ് നിരക്ക്. രാവിലെ പുറപ്പെടുന്ന ഇൻഡിഗോക്ക് കഴിഞ്ഞ ദിവസം 400 റിയാലാണുള്ളത്. എയർ ഇന്ത്യക്ക് 500ഉം, എയർ ഇന്ത്യ എക്സ്പ്രസിന് 570ഉം ഖത്തർ എയർവേസിന് 700 റിയാലുമാണ് നിരക്ക്. ഇത്തിഹാദ്, ഒമാൻ എയർ, ശ്രീലങ്കൻ എയർ ഉൾപ്പെടെ വിവിധ വിദേശ വിമാന കമ്പനികളും സമാന നിരക്കുതന്നെയാണ് ഈ ദിവസങ്ങളിൽ ഈടാക്കുന്നത്. ഇതേ ദിവസം ദോഹ -കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലും 500 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ. പെരുന്നാളും വിഷുവും കഴിഞ്ഞതോടെ നാട്ടിലേക്കുള്ള യാത്ര എയർലൈൻ കമ്പനികൾക്ക് ഓഫ് സീസൺ ആണ്. ഇതാണ്, വോട്ടുയാത്രക്കാർക്ക് സൗകര്യമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)